താമരശ്ശേരി ചുരം റോഡ് പണി എന്നു​ തീരും..?; ചുരം റോഡ് തകർന്നിട്ട് ഒരു മാസം


കോഴിക്കോട്: തകർന്ന താമരശ്ശേരി ചുരം എന്ന് ഗതാഗത യോഗ്യമാവുമെന്നറിയാതെ നട്ടംതിരിയുകയാണ് യാത്രക്കാർ. താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് ചിപ്പിലിത്തോട്ടിൽ റോഡ് തകർന്നിട്ട് മാസം കഴിഞ്ഞിട്ടും പുനർനിർമാണം ആരംഭിച്ചിട്ടില്ല. 272 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 766ൽ (കോഴിക്കോട്-ബംഗളൂരു-കൊല്ലഗൽ) 13 കിലോമീറ്ററാണ് താമരശ്ശേരി ചുരത്തിന്‍റെ ദൈർഘ്യം. ഇതിൽ ഏകദേശം 200 മീറ്റർ റോഡാണ് മണ്ണിടിഞ്ഞ് തകർന്നത്. ഇത് നന്നാക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഒരാഴ്ചയോളം ചെറിയ വാഹനങ്ങൾ കടത്തിവിട്ടും യാത്രബസുകൾ വയനാട്ടിൽനിന്നും കോഴിക്കോട്ടുനിന്നും ചിപ്പിലിത്തോട് വരെ ഷട്ടിൽ സർവിസ് നടത്തിയുമാണ് താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. ചരക്കുലോറികൾക്കുള്ള നിരോധനം തുടരുകയാണ്. കോരിച്ചൊരിയുന്ന മഴയത്ത് വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഷട്ടിൽ സർവിസ് വഴി ചിപ്പിലിത്തോട്ടിലെത്തി മാറിക്കയറുന്നത് ഏറെ ബുദ്ധിമുട്ട് സഹിച്ചാണ്. പൊതുമരാമത്ത് മന്ത്രിയടക്കം നാലു മന്ത്രിമാരും പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറും സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി. ഇതോടെ പ്രതീക്ഷയിലായിരുന്നു പൊതുജനം. വനംവകുപ്പ് താൽക്കാലികമായി വിട്ടുനൽകിയ സ്ഥലത്ത് സുമാർ 100 മീറ്ററോളം ദൈർഘ്യത്തിൽ റോഡ് നിർമിച്ചു. ബസുകൾ അടക്കമുള്ള യാത്രവാഹനങ്ങൾ ഇതുവഴി കടത്തിവിട്ടു. ഇടിഞ്ഞ ഭാഗത്ത് ബോറിങ് നടത്തി 23 മീറ്റർ ആഴത്തിൽ ഉറപ്പുള്ള പാറ കണ്ടെത്തുകയും ചെയ്തു. രണ്ടാഴ്ചകൊണ്ട് ഈ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചെങ്കിലും പിന്നീടുള്ള നടപടികളാണ് ഒച്ചിഴയുന്നവിധം നീളുന്നത്. പൊതുമരാമത്ത് വകുപ്പി​ന്റെ ഡിസൈനിങ് വിഭാഗം പ്രവൃത്തിയുടെ രൂപരേഖ തയാറാക്കി നൽകാത്തതിനാലാണ് പ്രവൃത്തി വൈകുന്നത്. ചുരത്തിലുണ്ടായ ഗതാഗത നിയന്ത്രണത്തി​ന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് വയനാട്ടുകാരാണ്. കർഷകരുടെ ഉൽപന്നങ്ങൾ കോഴിക്കോട് മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ല. മൺസൂൺ ടൂറിസത്തി​ന്റെ ഭാഗമായി വയനാട്ടിലേക്കുള്ള വിദേശികളടക്കമുള്ള സഞ്ചാരികളുടെ വരവും നിലച്ചിരിക്കുകയാണ്

Post a Comment

0 Comments