താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം: വിനോദസഞ്ചാര മേഖലക്ക് തിരിച്ചടി



കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ മൂലം രണ്ടാഴ്ചയായി ഭാഗികമായി ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. മണ്‍സൂണ്‍ ടൂറിസത്തി​ന്റെ ഭാഗമായി നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ചുരം മേഖല ഇപ്പോള്‍ വിജനമാണ്. യാത്ര ബസുകളും നാലുചക്ര വാഹനങ്ങളും വണ്‍വേയാക്കി കടത്തിവിടുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സ്കാനിയ അടക്കമുള്ള അന്തര്‍സംസ്ഥാന യാത്ര ബസുകള്‍ കടത്തിവിടുമ്ബോള്‍ അതേ വിഭാഗത്തില്‍പെട്ട ടൂറിസ്റ്റുകളുമായെത്തുന്ന ബസുകള്‍ക്ക് ചുരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതി​ന്റെ ലക്ഷ്യമാണ് വ്യക്തമാകാത്തത്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്റാറന്‍റുകളും കടുത്ത പ്രതിസന്ധിയിലാണ്.

താമരശ്ശേരി മുതല്‍ അടിവാരം വരെയും ലക്കിടി മുതല്‍ വൈത്തിരി വരെയും ഇത്തരം നിരവധി ഹോട്ടലുകളും റസ്‌റ്റാറന്‍റുകളുമുണ്ട്. വയനാട്ടില്‍നിന്ന് പച്ചക്കറി അടക്കമുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ കോഴിക്കോട് എത്തിക്കാനുള്ള മാര്‍ഗം അടഞ്ഞതോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ചരക്ക് കടത്തലിലുണ്ടാകുന്ന ഭാരിച്ച ചെലവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികമാണ്. സ്കാനിയ ബസ് അടക്കമുള്ള പാസഞ്ചര്‍ ബസുകളുടെ ശരാശരി ഭാരം 20 ടണ്ണാണ്. ഇതേ ഭാരമുള്ള ടൂറിസ്റ്റ് ബസുകള്‍ കൂടി കടത്തിവിട്ടാല്‍ ടൂറിസം മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് പരിധിവരെ അറുതിവരുത്താനാകും. 20 ടണ്ണിലധികം ഭാരംവരാത്ത ചരക്ക് ലോറികള്‍ക്ക് കൂടി ചുരത്തിലൂടെ പ്രവേശനാനുമതി ലഭിച്ചാല്‍ വയനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കും പരിഹാരമാകും.

Post a Comment

0 Comments