ബാലുശ്ശേരി ബസ്‌സ്റ്റാൻഡ്‌ വികസനം: ഗതാഗതനിയന്ത്രണത്തിന് സംവിധാനമായി



കോഴിക്കോട്: ബാലുശ്ശേരി ബസ്‌സ്റ്റാൻഡ്‌ ആധുനികീകരിക്കുന്നതിന്റെ നിർമാണപ്രവൃത്തി 16-ന്‌ ആരംഭിക്കും. നിർമാണപ്രവൃത്തികൾ നടത്തുന്നതിനായി ബസ്‌സ്റ്റാൻഡ്‌ അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതേത്തുടർന്നാണ് ടൗണിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കിയത്. ഗതാഗത നിയന്ത്രണം 16 മുതൽ നിലവിൽ വരും. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് സി.ഐ. കെ. സുഷീർ പറഞ്ഞു.

പുതിയ സംവിധാനമനുസരിച്ച് കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ബസ്‌ സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് റോഡരികിൽ പാർക്കുചെയ്ത് യാത്രക്കാരെ കയറ്റണം. കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ കെ.എസ്.എഫ്‌.ഇ. ഓഫീസിനടുത്ത് റോഡരികിൽ പാർക്ക് ചെയ്യണം. താമരശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ നിലവിലുള്ള സ്റ്റാൻഡിന്റെ മുൻവശത്ത് നിർത്തി യാത്രക്കാരെ കയറ്റണം. ടൗണിൽനിന്നും നാട്ടിൻപുറങ്ങളിലേക്ക് സർവീസ് നടത്തുന്ന മിനി ബസുകൾ ഇതേരീതിയിൽ തന്നെയാണ് പാർക്ക് ചെയ്യേണ്ടത്. ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ കൊയിലാണ്ടി ഭാഗത്തേക്കുള്ള റോഡരികിൽ വലതുവശത്തായാണ് പാർക്ക് ചെയ്യേണ്ടത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എട്ടുമാസം കൊണ്ട് ബസ്‌സ്റ്റാൻഡ്‌ വികസനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് പരിഷ്കരണയോഗത്തിൽ സി.ഐ. കെ. സുഷീർ പുതിയ സംവിധാനം വിശദീകരിച്ചു. വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാളി പ്രതിനിധികൾ, ബസ് ഓണേഴ്‌സ്‌ പ്രതിനിധി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വികസനകാര്യ ചെയർമാൻ പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. ഇസ്മയിൽ കുറുമ്പൊയിൽ, വി.എം. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments