എങ്ങുമെത്താതെ സാൻഡ് ബാങ്ക്‌സ് വികസനംകോഴിക്കോട്: ഏറെ പ്രതീക്ഷകളുമായാണ് സാൻഡ് ബാങ്ക്‌സ് വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചത്. പ്രതീക്ഷകളെ വാനോളമുയർത്തി ഒട്ടേറെ പദ്ധതികൾ വന്നു, കോടികൾ മുടക്കിയ പദ്ധതികൾ പലതും നശിച്ചു. ചിലത് പാതിവഴിയിൽ. പണി പൂർത്തിയാക്കിയ ശൗചാലയം പോലും തുറന്നുകൊടുത്തിട്ടില്ല. ഇതോടെ സഞ്ചാരികൾപോലും സാൻഡ് ബാങ്ക്‌സിനെ കൈവിടുന്ന സ്ഥിതിയായി. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായ സമയത്ത് 2009-10 കാലത്താണ് സാൻഡ് ബാങ്ക്‌സിന്റെ വികസനത്തിനായി രണ്ടുകോടി രൂപ അനുവദിച്ചത്. ആദ്യഘട്ടത്തിൽ 95 ലക്ഷം രൂപ ചെലവഴിച്ച് നിലത്ത് ടൈൽസുകൾ പാകി. ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും അതിനുമുകളിൽ മനോഹരമായ മേൽക്കൂരയും നിർമിച്ചു. ഒപ്പംതന്നെ ഗാലറി, വിളക്കുകാലുകൾ എന്നിവയും ഒരുക്കി. ഇതെല്ലാം വന്നതോടെ സാൻഡ് ബാങ്ക്‌സിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു.

രണ്ടാംഘട്ടത്തിൽ കഫ്റ്റീരിയ, ശൗചാലയം എന്നിവ നിർമിച്ചു. രണ്ടുവർഷം കഴിഞ്ഞു ഇവയുടെ നിർമാണം പൂർത്തിയായിട്ട്. ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. അനാസ്ഥയുടെ നേർസാക്ഷ്യമാണ് ഈ കെട്ടിടങ്ങൾ. നിലത്തെ ടൈൽസുകൾ പലതും തകർന്നു. ഇരിപ്പിടങ്ങൾക്കു മുകളിലെ മേൽക്കൂരകൾ പൂർണമായി നശിച്ചു. ഇപ്പോൾ മേൽക്കൂരയില്ലാത്ത കമ്പികൾ മാത്രം കാണാം. ഇരിപ്പിടങ്ങളും തകർച്ച നേരിടുന്നു. വിളക്കുകാലുകൾ ഇപ്പോഴും ബാക്കിയുണ്ട്. പക്ഷേ, ഒന്നിൽപ്പോലും വിളക്കുകളില്ല. രാത്രിയായാൽ പൂർണമായും ഇരുട്ടാണ് ഇവിടെ. ശൗചാലയമില്ലാത്തത് വലിയ പ്രശ്നമാണ്.

ദിവസവും ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്ന കേന്ദ്രമാണിത്. ഇവർക്ക് ശൗചാലയത്തിൽ പോകണമെന്നു വെച്ചാൽ പെട്ടതുതന്നെ. സുരക്ഷയുടെ കാര്യത്തിലും കേന്ദ്രം പിന്നിലാണ്. ബീച്ചിൽ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഇവിടെ ലൈഫ് ഗാർഡുണ്ട്. പക്ഷേ, തിരച്ചിലിന് അത്യാവശ്യം വേണ്ട ബോട്ട്‌സൗകര്യം പോലും ഇവിടെയില്ല. ടൂറിസം വികസനത്തിന് ഉപയുക്തമാക്കാൻ പറ്റുന്ന ബിർല ഹൗസ് ഏറ്റെടുക്കാനുള്ള പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായ സമയത്ത് ഇതിനുള്ള നീക്കം നടന്നിരുന്നു. എന്നാൽ പിന്നീട് ഇതിൻമേൽ നടപടികളൊന്നുമായില്ല. ഈ കെട്ടിടമാകട്ടെ തകർച്ചയെ നേരിടുന്നു.

സാൻഡ് ബാങ്ക്‌സിന്റെ വികസനപ്രതീക്ഷ ഇനി രണ്ട് പദ്ധതികളിലാണ്. സാൻഡ് ബാങ്ക്‌സിനെകൂടി ഉൾപ്പെടുത്തി സർഗാലയ ക്രാഫ്റ്റ് വില്ലേജ് കിഫ്ബിയിൽ സമർപ്പിച്ചതാണ് ഒരു പദ്ധതി. 43 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന് അംഗീകാരം കിട്ടിയാൽ മറ്റ് ടൂറിസം കേന്ദ്രങ്ങളുമായി കൂട്ടിയിണക്കപ്പെടുന്ന ഒരു കേന്ദ്രമാകും സാൻഡ് ബാങ്ക്‌സും. മറ്റൊരു പദ്ധതി സാൻഡ് ബാങ്ക്‌സിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ കെ.ടി.ഡി.സി.യും ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെയർമാൻ എം. വിജയകുമാർ സ്ഥലം സന്ദർശിച്ചിരുന്നു. പക്ഷേ, തുടർനടപടികളൊന്നും ഇതിൻമേൽ ഉണ്ടായില്ല. സാൻഡ് ബാങ്ക്‌സിന്റെ നടത്തിപ്പ് സർഗാലയയെ ഏൽപ്പിക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. വികസനപദ്ധതികളുടെ തകർച്ചയ്ക്ക് കാരണം പരിചരണമില്ലാത്തതുകൊണ്ടാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

Post a Comment

0 Comments