ബൈപ്പാസ്‌ ആറുവരിയാക്കല്‍: സെപ്‌റ്റംബറില്‍ പണി തുടങ്ങും


കോഴിക്കോട്‌: വെങ്ങളം-രാമനാട്ടുകര ദേശീയപാത വീതികൂട്ടുന്ന പ്രവൃത്തി സെപ്‌റ്റംബറില്‍ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ദേശീയപാത അഥോറിറ്റി തുടങ്ങി.റോഡരുകിലെ കേബിളുകള്‍ മാറ്റിയിടുന്ന ജോലി സെപ്‌റ്റംബറിനു മുമ്പ്‌ പൂര്‍ത്തീകരിക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

28.80 കിലേമീറ്റര്‍ വരുന്ന റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തി രണ്ടുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. ദേശീയപാതയിലെ തിരക്കു കുറയ്‌ക്കുന്നതിനാണ്‌ റോഡ്‌ വീതികൂട്ടുന്നത്‌. ബൈപാസില്‍ വലിയ തിരക്കാണ്‌ നിലവില്‍ അനുഭവപ്പെടുന്നത്‌. റോഡ്‌ ആറുവരിയാക്കുന്നതോടെ തിരക്ക്‌ കുറയ്‌ക്കാനാകുമെന്നാണ്‌ പ്രതീക്ഷ. നിലവിലുള്ള പ്രൊജക്‌ട് പ്രകാരം ഈ പാതയില്‍ ഏഴ്‌ ഫ്‌ളൈ ഓവറുകള്‍ പണിയും. 15 അണ്ടര്‍പാസുകളും ഉണ്ടാവും. കെ.എസ്‌.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയോട്‌ എത്രയും വേഗം റോഡരികിലുള്ള കേബിളുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. റോഡ്‌ വീതികൂട്ടുന്നതിന്റെ ഭാഗമായി ബൈപാസിലെ ആയിരക്കണക്കിനു മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അലൈന്‍മെന്റില്‍ പറഞ്ഞിട്ടുള്ള ഈ മരങ്ങള്‍ മുറിക്കുന്നതിനു ദേശീയ പാത അതോറിറ്റി നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. റോഡ്‌ പണി വേഗത്തിലാക്കുന്നതിനാണ്‌ നിശ്‌ചിത സമയത്തിനകം മരം മുറിച്ചുനീക്കുന്നത്‌. ഇതുവരെയുള്ള പ്രവൃത്തികള്‍ വിലയിരുത്തുന്നതിന്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെ യോഗം ഈ മാസം 28ന്‌ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

1710 കോടി രൂപ ചെലവിലാണ്‌ ദേശീയപാത ബൈപാസ്‌ വീതികൂട്ടുന്നത്‌. ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള കെ.എം.സി ഗ്രൂപ്പ്‌ ആണ്‌ ഇതിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്‌. റോഡ്‌ വീതികൂട്ടുന്നതിനു നിലവിലുള്ള ബെപാസിനോട്‌ ചേര്‍ന്ന്‌ 130 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്‌തിട്ടുണ്ട്‌. റോഡ്‌ വീതികൂട്ടുമ്പോള്‍ നാലു വലിയ പാലങ്ങളും ഒരു ചെറിയ പാലവും പണിയും. തൊണ്ടയാടും രാമനാട്ടുകരയിലും അടക്കം ഏഴു ഫ്‌ളൈഓവറുകള്‍ പുതുതായി നിര്‍മിക്കും. വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ രണ്ട്‌ അണ്ടര്‍പാസുകളും കാല്‍നടയാത്രക്കാര്‍ക്ക്‌ 15 അണ്ടര്‍ പാസുകളും ഉണ്ടാവും. റോഡ്‌ വീതികൂട്ടുന്നതിനു കോടി കണക്കിനു രൂപ വേണ്ടി വരുന്നതിനാല്‍ കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയത്തില്‍ നിന്ന്‌ അനുമതി കിട്ടാന്‍ തടസം നേരിട്ടിരുന്നു. എന്നാല്‍ 2000 കോടി രൂപ വരെയുള്ള പ്രവൃത്തികള്‍ക്ക്‌ അംഗീകാരം നല്‍കാന്‍ റോഡ്‌ഗതാഗഗത മന്ത്രാലയത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഈ തടസം നീങ്ങിയിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവിറക്കിയശേഷം രാജ്യത്ത്‌ ആദ്യം നടക്കുന്ന റോഡ്‌ പ്രവൃത്തിയാണ്‌ വെങ്ങളം-രാമനാട്ടുകര ബൈപാസിലേത്‌ എന്ന പ്രത്യേകതയും ഉണ്ട്‌. നിലവിലുള്ള നാലുവരി ബൈപാസിന്റെ പ്രവൃത്തി 2016 ജനുവരിയിലാണ്‌ സംസ്‌ഥാനത്തെ ദേശീയപാത വിഭാഗം പൂര്‍ത്തിയാക്കിയത്‌.

Post a Comment

0 Comments