ബന്ദിപ്പൂര്‍ രാത്രിയാത്രാ വിലക്ക്: കേന്ദ്ര ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് കേരളം


തിരുവനന്തപുരം:ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ വിലക്കിലെ നിയന്ത്രണം നീക്കുന്നതിനായി കേന്ദ്ര സർക്കാറിന്റെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് കേരളം. നിർദ്ദേശത്തിൻ പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്. മാലിക് കര്‍ണാടക ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. റോ‍ഡിന്‍റെ വീതി കൂട്ടാനും വശങ്ങളില്‍ വേലി നിര്‍മിക്കാനും നിര്‍ദേശത്തിലുണ്ട്.

ജൂലൈ 21നാണ് കത്ത് അയച്ചിരിക്കുന്നത്. കുറച്ചുനാളുകളായി കേരളം ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തേ നടത്തിയ ചർച്ചയിൽ രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ എതിർപ്പില്ലെന്ന് കർണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ദേശീയപാത 212ൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളിൽ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിനുള്ള ചെലവു കേരളവും കർണാടകവും ചേർന്നു വഹിക്കണമെന്നും കത്തിലുണ്ട്. ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണനയ്ക്കു വരുന്നുണ്ട്. വയനാട് - മൈസുരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരിൽ രാത്രി ഒൻപതു മുതൽ രാവിലെ ആറു വരെയാണു ഗതാഗത നിയന്ത്രണം.

Post a Comment

0 Comments