രാമനാട്ടുകര–വെങ്ങളം ദേശീയപാത ബൈപാസ് വികസനം: മണ്ണ് പരിശോധന തുടങ്ങി


കോഴിക്കോട് : രാമനാട്ടുകര–വെങ്ങളം ദേശീയപാത ബൈപാസ് വികസന പ്രവൃത്തിക്കായുള്ള മണ്ണ് പരിശോധന തുടങ്ങി. ദേശീയപാത അതോറിറ്റി നേതൃത്വത്തിൽ അഴിഞ്ഞിലത്താണ് പ്രാരംഭ പ്രവൃത്തി തുടങ്ങിയത്. മണ്ണു പരിശോധന ഫലം ലഭ്യമായി മഴ മാറുന്നതോടെ നിർമാണത്തിലേക്കു കടക്കാനാണ് ലക്ഷ്യം. എൻഎച്ച്എഐ അധികൃതരും കരാർ കമ്പനിയായ ഹൈദരാബാദ് കെഎംസി ഉദ്യോഗസ്ഥരും റോഡിൽ സംയുക്ത പരിശോധന നടത്തിയാകും തുടർ നടപടി.

കെഎസ്ഇബി ലൈനുകൾ, ബിസ്എൻഎൽ ഉൾപെടെയുള്ള കേബിളുകൾ എന്നിവ നീക്കുന്ന യൂട്ടിലിറ്റി ഷിഫ്റ്റിങ് ആയിരിക്കും ആദ്യഘട്ടത്തിൽ ചെയ്യുക. 1700 കോടി രൂപ ചെലവിട്ടാണ് രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ ബൈപാസ് ആറു വരിയാക്കുന്നത്. നിലവിലുള്ള പാതയുടെ പടിഞ്ഞാറു വശത്ത് മൂന്നു വരി കൂടി നിർമിക്കും. കിഴക്കു വശത്താകും മറ്റൊരു വരി.




24 മാസത്തെ കാലാവധിയിൽ ഒക്ടോബറിൽ പ്രവൃത്തി തുടങ്ങാനാണ് പദ്ധതി. കാൽ നൂറ്റാണ്ടു മുൻപ് സ്ഥലമേറ്റെടുത്ത ദേശീയപാത ബൈപാസിന്റെ രണ്ടു വരിപ്പാത നിർമാണം പൂർത്തിയായത് 2016ലാണ്. കേന്ദ്ര തീരുമാന പ്രകാരമാണ് ആറു വരിയാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണു ബൈപാസ് വികസനം.

രണ്ടു വർഷത്തെ നിർമാണ കാലാവധിക്കുള്ളിൽ കരാ‍ർ തുകയുടെ 40% കേന്ദ്ര സർക്കാർ നൽകും. ബാക്കിയുള്ള 60% കരാറുകാർ കണ്ടെത്തണം. നിർമാണം കഴിഞ്ഞു 15 വർഷത്തിനുള്ളിൽ ഈ തുക സർക്കാർ കരാറുകാർക്ക് മടക്കി നൽകും. കാസർകോട് മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66 വികസിപ്പിക്കാനാണ് പദ്ധതിയെങ്കിലും നിലവിൽ ഭൂമി ലഭ്യമായ ബൈപാസ് വികസനം പ്രത്യേകമായി നടപ്പാക്കാനാണ് തീരുമാനം.

Post a Comment

0 Comments