കരിപ്പൂർ വിമാനത്താവളം: പുതിയ ആഗമന ടെർമിനൽ ഉദ്ഘാടനം ഇനിയും നീളും


കോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ 120 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാജ്യാന്തര ആഗമന ടെർമിനൽ ഹാളിന്റെ ഉദ്ഘാടനം നീളുന്നു. കഴിഞ്ഞ ഡിസംബറിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കൽ ഇനിയും പൂർത്തിയായിട്ടില്ല. ജൂലൈ മുപ്പതിനകം പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം ട്രയൽ നടത്തുമെന്നും ഓഗസ്റ്റ് 15ന് ഉദ്ഘാടനം നടത്തുമെന്നുമാണ് അധികൃതർ അവസാനമായി പറഞ്ഞിരുന്നത്. എന്നാൽ, മിനുക്കുപണികൾ മാത്രമല്ല, പല യന്ത്രസംവിധാനങ്ങൾകൂടി സ്ഥാപിക്കേണ്ട ജോലിയും ബാക്കികിടക്കുകയാണ്. ഇറക്കുമതിയാണ് പ്രശ്നമെന്നാണ് ഇപ്പോൾ പറയുന്നത്. കരാർ എടുത്ത കമ്പനിയുമായി പലവട്ടം കോഴിക്കോട്ടും ഡൽഹിയിലും ചർച്ചകൾ നടത്തിയിരുന്നെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.

വലിയ വിമാനങ്ങളിലെ യാത്രക്കാരെക്കൂടി ഉദ്ദേശിച്ചായിരുന്നു നിർമാണ നടപടി. ഒരേസമയം 1500 പേരെ ഉൾക്കൊള്ളുന്നതാണു ടെർമിനൽ. ചിത്ര, ശിൽപ അലങ്കാരങ്ങളും ഒരുക്കാനുണ്ട്. എക്സ്റേ സ്ഥാപിക്കേണ്ടത് കസ്റ്റംസ് വിഭാഗമാണ് എന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. യാത്രക്കാർക്കു വിമാനത്തിൽനിന്ന് നേരിട്ട് ടെർമിനലിലേക്കു കയറാനുള്ള എയറോ ബ്രിജുകൾ ഇനിയും എത്തിയിട്ടില്ല. അതില്ലെങ്കിലും ട്രയൽ നടത്തി കമ്മിഷൻ ചെയ്യാം എന്ന നിലപാടിലാണിപ്പോൾ അധികൃതർ.

Post a Comment

0 Comments