കാലവര്‍ഷക്കെടുതി നേരില്‍ കണ്ടറിഞ്ഞ് കേന്ദ്രസംഘം; റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കും



കോഴിക്കോട്: കാലവര്‍ഷക്കെടുതി നേരില്‍ കണ്ടറിഞ്ഞ് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. ജില്ലയില്‍ കാലവര്‍ഷക്കെടുതികള്‍ അവലോകനം ചെയ്ത് 10 ദിവസത്തിനകം കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര സംഘ തലവന്‍ ബി കെ ശ്രീവാസ്തവ പറഞ്ഞു. നിലവിലെ സാഹചര്യം ഗൗരവമുള്ളതാണ്. വെള്ളപ്പൊക്കം ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാക്കിയ നഷ്ടം ബോധ്യപ്പെട്ടു.

സംഘാംഗങ്ങള്‍ അലോകനം നടത്തി റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും പറഞ്ഞു. കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം വിവിധ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹൈദരാബാദ് ഡിഒഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ നര്‍സിറാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജിണല്‍ ഓഫീസര്‍ വി വി ശാസ്ത്രി എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍. കേന്ദ്ര സംഘത്തിനു മുന്നില്‍ ജില്ലാ കളക്ടര്‍ യു വി ജോസ് മേയ് മാസം മുതല്‍ ജില്ലയിലുണ്ടായ മഴക്കെടുതികള്‍, ഉരുള്‍പൊട്ടല്‍, കടലാക്രമണം, വെള്ളപ്പൊക്കം കൃഷി നാശം, തുടങ്ങിയവ വിശദീകരിച്ചു. തുടര്‍ന്ന് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി 14 പേര്‍ മരിച്ച കരിഞ്ചോലമല, ഉരുള്‍പ്പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ട്, മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരം, കോടഞ്ചേരി, തിരുവമ്പാടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.



കെടുതികള്‍ അതീവ ഗൗരവമുള്ളതാണെന്നും സാമ്പത്തിക സഹായത്തിനാവശ്യമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന ബി കെ ശ്രീവാസ്തവ പറഞ്ഞു. എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ് എന്നിവര്‍ വിവിധയിടങ്ങളില്‍ സംഘവുമായി ചര്‍ച്ച നടത്തി. ഡപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) എസ് റംല, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

Post a Comment

0 Comments