ഇന്ധനമില്ല: തൊട്ടിൽപ്പാലം ഡിപ്പോയിലെ മലയോരസർവീസുകൾ നിർത്തി


.
കോഴിക്കോട്: ഡീസൽക്ഷാമത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി. തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്നുള്ള മലയോര സർവീസുകൾ നിർത്തി. ഡിപ്പോയിലേക്ക് ഡീസൽവരവ് നിലച്ചിട്ട് രണ്ടാഴ്ചയായി. അതേത്തുടർന്നാണ് മലയോരസർവീസുകൾ നിർത്തിയത്. ഡിപ്പോയിൽനിന്നുള്ള മറ്റുസർവീസുകളും താളംതെറ്റിയ നിലയിലാണ്. മാനന്തവാടി, കോഴിക്കോട്, തലശ്ശേരി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടങ്ങളിൽനിന്നാണ് ഡീസൽ അടിക്കുന്നത്.


ഓട്ടംമുടങ്ങുന്ന ബസുകൾക്ക് ഇത്തരത്തിൽ എണ്ണ നിറച്ചുവരുന്ന മറ്റുബസുകളിൽനിന്ന് ചോർത്തി, നിറയ്ക്കുന്ന നടപടിയാണ് ജീവനക്കാർ കൈക്കൊള്ളുന്നത്. ഇതുകാരണം കൃത്യസമയത്ത് മിക്കസർവീസുകളും പുറപ്പെടാനാവാത്ത സ്ഥിതിയാണുള്ളതെന്ന് ജീവനക്കാർ പറഞ്ഞു. സർവീസുകളുടെ താളംതെറ്റൽ ഡിപ്പോയിലെ വരുമാനത്തെയും ബാധിക്കുന്നു. കനത്തമഴയെത്തുടർന്ന് യാത്രക്കാർ കുറഞ്ഞ സാഹചര്യത്തിൽ ഡിപ്പോയുടെ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ഇന്ധനക്ഷാമത്തെത്തുടർന്നുണ്ടായ പ്രശ്നത്തോടെ നഷ്ടംകൂടിയിരിക്കുകയാണ്. മറ്റെല്ലാ ഡിപ്പോയിലും ഇന്ധനം കൃത്യമായി എത്തുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു. സർവീസുകൾ മുടങ്ങിയതിനാൽ മലയോരമേഖലയിലെ ജനങ്ങൾ കടുത്ത യാത്രാദുരിതത്തിലാണ്.

Post a Comment

0 Comments