കാലവർഷം: ദുരന്തനിവാരണത്തിന് ഉദ്യോഗസ്ഥരുടെ ടീം രൂപികരിച്ചു; ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 585 പേർ



കോഴിക്കോട്: കാലവർഷ ദുരന്തത്തിൽ ജില്ലയിലെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 585 പേർ. ദുരന്തനിവാരണത്തിന് ജില്ലയിൽ ഏഴു മേഖലകളായി തിരിച്ച് ഡപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.   ജില്ലയിൽ കേന്ദ്രസേനാംഗങ്ങളുടെ വിന്യാസം ഉൾപ്പടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ടീം മേൽനോട്ടം വഹിക്കും.  ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ടീം രൂപീകരിച്ചത്. പോലീസ്, ഫയർ ആന്റ് റെസ്ക്യു, പഞ്ചായത്ത്  മുൻസിപ്പൽ സെക്രട്ടറി, തദ്ദേശഭരണ എഞ്ചിനീയർ, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് റോഡ്സ്, സിവിൽ സപ്ലൈസ് , കൃഷി എന്നീ വകുപ്പിലെ ഉദ്യോഗസ്ഥർ ഓരോ ടീമിലും ഉൾപ്പെടുന്നു.


നാദാപുരം മുതൽ മലപ്പുറം ജില്ലയുടെ അതിർത്തി വരെ നിലവിൽ കെടുതികൾ നേരിടുന്ന മലയോര മേഖലയുടെ ദുരന്തനിവാരണത്തിനായി ടീം പ്രവർത്തനമാരംഭിച്ചു.  ജില്ലയിൽ എൻ ഡി ആർ എഫിന്റെ രണ്ട് പ്ലാറ്റൂൺ ഉൾപ്പടെ 78 അംഗങ്ങൾ ദുരന്തനിവാരണത്തിലേർപ്പെടുന്നുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച് എൻ ഡിആർഎഫിന്റെ 48 അംഗങ്ങളേയും താമരശേരിയിൽ 60 അംഗങ്ങളുൾപ്പെട്ട കരസേനയേയും മുക്കത്ത് 30 അംഗങ്ങൾ ഉൾപ്പെട്ട എൻ ഡിആർ എഫ് ടീമിനേയും വിന്യസിച്ചു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 585 പേർ ഉണ്ട്. താമരശേരിയിൽ 8 കൊയിലാണ്ടി 2 വടകര 2 കോഴിക്കോട് 5 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികൾ   പ്രകൃതിക്ഷോഭമുള്ള പ്രദേശങ്ങളിൽ യാത്ര ഒഴിവാക്കണം. പൊതുജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണം.

Post a Comment

0 Comments