കോഴിക്കോട്: ഫയൽ നീക്കം സുഗമവും സുതാര്യവുമാക്കുന്നതിന് സർക്കാർ ഒാഫിസുകളിൽ വിഭാവനം ചെയ്ത ഇ-ഒാഫിസ് സംവിധാനം ഉദ്യോഗസ്ഥ തലത്തിലെ ദുർബലപ്പെടുത്തൽ നീക്കം അതിജീവിച്ച് ലക്ഷ്യത്തിലേക്ക്. പദ്ധതി തുടങ്ങി അഞ്ചുവർഷം പൂർത്തിയായ ഘട്ടത്തിൽ ഐ.ടി മിഷൻ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് പ്രവർത്തന മികവ് അടിവരയിടുന്നത്.
സംസ്ഥാനത്ത് പ്രതിമാസം 8,00,000 ഇലക്ട്രോണിക് ഫയൽ കൈമാറ്റം നടക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ 54 വകുപ്പുകളിലും 14 കലക്ട്രേറ്റിലും 100 ശതമാനം ഫയൽ ഇടപാടും ഇ-ഒാഫിസിലേക്ക് മാറിക്കഴിഞ്ഞു. ആർ.ഡി.ഒ ഒാഫിസിൽ 50 ശതമാനവും ഇലക്ട്രോണിക് ഫയൽ സംവിധാനത്തിലേക്ക് മാറി. 19 ഡയറക്ടറേറ്റുകൾ പൂർണമായും കടലാസ് രഹിത ഇ-ഒാഫിസാണ്. ശേഷിക്കുന്ന 27 ഡയറക്ടറേറ്റുകളിൽ നടപടി പുരോഗമിക്കുകയാണ്. താലൂക്ക്, വില്ലേജ് ഒാഫിസുകളിലും പഞ്ചായത്തുകളിലും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സമീപഭാവിയിൽ കേന്ദ്ര-സംസ്ഥാന ഫയൽ ഇടപാട് ഇ-ഒാഫിസ് പ്ലാറ്റ്ഫോമിലേക്ക് മാറുമെന്നാണ് വിലയിരുത്തൽ.
സംവിധാനം ദുർബലപ്പെടുത്തുന്നതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കമുണ്ടായിരുന്നു. ചില വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇ-ഫയലിന്റെ പ്രിൻറൗട്ട് ആവശ്യപ്പെടുകയും പ്രിൻറിൽ ഉത്തരവിട്ട് നൽകുകയും ചെയ്തിരുന്നു. ഇതോടെ ഇ-ഫയൽ പേപ്പർ ഫയലായി മാറി. സർക്കാർ ഉത്തരവ് നമ്പർ ലഭിക്കാൻ മാത്രം ഫയലിലെ വിഷയവുമായി ബന്ധമില്ലാത്ത ഏതെങ്കിലും രേഖ അപ്ലോഡ് ചെയ്യുന്ന പ്രവണതയും ഇ-ഒാഫിസിനെ ബാധിച്ചിരുന്നു. പ്രസക്തമല്ലാത്ത വിവരം സൈറ്റിൽ പ്രത്യക്ഷപ്പെടാൻ ഇതു കാരണമായി. ഇത്തരം പ്രവണത തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയതോടെയാണ് അട്ടിമറി നീക്കങ്ങൾക്ക് ശമനമുണ്ടായത്.
0 Comments