കേരളത്തിന് സഹായഹസ്തവുമായി യു.എ.ഇ

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കടുത്ത ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി യുഎഇ ഭരണാധികാരികള്‍. കേരളത്തിന് സഹായം എത്തിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് യുഎഇ ഭരണാധികാരികള്‍ ആഹ്വാനം ചെയ്തു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
യു.എ.ഇയിലെ ജനങ്ങളില്‍നിന്നും ഇന്ത്യക്കാരായ മറ്റുള്ളവരില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് കേരളത്തിന് സഹായമെത്തിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.കേരളത്തെ സഹായിക്കണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളം അനുഭവിക്കുന്നതെന്നും ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറയുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും യുഎഇക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

ഫേസ്ബുക്കിലും ട്വറ്ററിലുമായി അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹായാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് യുഎഇ ഭരണാധികാരികളുടെ സഹായ മനസ്കതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Post a Comment

0 Comments