യാഥാർത്യമാവുമോ എരഞ്ഞിപ്പാലം മേൽപാലം

എരഞ്ഞിപ്പാലം ജംക്‌ഷന്റെ ആകാശദൃശം

കോഴിക്കോട്:എരഞ്ഞിപ്പാലം ജംക്‌ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമായി നിർദേശിച്ച മേൽപാലത്തിന് ഫണ്ട് തടസ്സമാകുന്നു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിന്റെ ചുമതലയിൽ നിർമിക്കാനിരുന്ന മേൽപാലത്തിന് കേന്ദ്ര വാർഷിക പദ്ധതിയിൽപെടുത്തി തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ അതിനുള്ള സാധ്യത ഇല്ലെന്നു തെളിഞ്ഞു. നടപ്പുവർഷം പദ്ധതിക്കായി തുക കണ്ടെത്താനാകില്ലെന്ന് സംസ്ഥാന സർക്കാരും നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് പദ്ധതി താമസിയാതെ നടപ്പാക്കണമെങ്കിൽ പുതിയ സ്രോതസ്സ് തേടേണ്ട സ്ഥിതിയായത്. ഇന്ധന സെസിൽനിന്ന് കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന സെൻട്രൽ റോഡ് ഫണ്ട് (സിആർഎഫ്) ആണ് ഇനി മുന്നിലുള്ള മറ്റൊരു സാധ്യത. ഇതിനായി സംസ്ഥാന സർക്കാരും സ്ഥലം എംപിയും ഒരുമിച്ചു പ്രവർത്തിക്കുകയും വേണം. പദ്ധതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് എ. പ്രദീപ്കുമാർ എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ ദേശീയപാതാ വിഭാഗം ഡിപിആർ വിശദമായ പദ്ധതി രേഖ സമർപ്പിച്ചത്.

25 കോടിയോളം രൂപ ചെലവു വരുന്ന പാലത്തിന് കേന്ദ്ര വാർഷിക പദ്ധതിയിൽപെടുത്തി തുക അനുവദിക്കാനുള്ള സാധ്യതയുള്ളതിനാൽ എം.കെ. രാഘവൻ എംപി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനും കത്തു നൽകി. ദേശീയപാത 766 ന്റെ അർബൻ എക്സ്റ്റൻഷൻ എന്ന നിലയിലാണ് എരഞ്ഞിപ്പാലത്ത് മേൽപാലം നിർമിക്കാൻ കേന്ദ്ര ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി  എംപിക്ക് ഉറപ്പ് നൽകിയത്. എന്നാൽ ദേശീയപാത 766 മലാപ്പറമ്പിൽ അവസാനിക്കുന്നുവെന്നാൽ എരഞ്ഞിപ്പാലത്തെ പദ്ധതിക്കായി പണം കേന്ദ്ര ഫണ്ടിൽനിന്ന് ലഭിക്കില്ലെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

ഇതേത്തുടർന്നാണ് സിആർഎഫിന്റെ സാധ്യതകൾ തേടുന്നത്. നിലവിൽ ജില്ലയിൽ നാലു റോഡുകൾക്കായാണ് സിആർഎഫ് പണം ഉപയോഗിച്ചുവരുന്നത്. നാലു പദ്ധതികൾക്കുകൂടി ശുപാർശ നൽകിയിട്ടുമുണ്ട്.  ഇതിനു പുറമെയാണ് എരഞ്ഞിപ്പാലം മേൽപാലം ഉൾപ്പെടുത്തേണ്ടത്. മലപ്പുറം ജില്ലയിൽ എളമരം കടവ് പാലത്തിന് സിആർഎഫിൽനിന്ന് പണം അനുവദിച്ചിട്ടുമുണ്ട്. മേൽപാലത്തിനായി സിആർഎഫിൽനിന്ന് പണം അനുവദിക്കുന്നതിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു. ഉടൻ നിതിൻ ഗഡ്കരിയെ നേരിൽ കണ്ടു സംസാരിക്കുമെന്നും രാഘവൻ പറഞ്ഞു.

2000-ൽ അരയിടത്തുപാലം മേൽപാലത്തിനൊപ്പം പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പദ്ധതിയാണ് എരഞ്ഞിപ്പാലം മേൽപാലവും.  സിവിൽസ്റ്റേഷൻ ഭാഗത്തേക്കും നടക്കാവ് ഭാഗത്തേക്കുമുള്ള വലിയ തിരക്കു പരിഗണിച്ചായിരുന്നു ഇത്. നിലവിൽ പകൽ മുഴുവൻ സമയവും എരഞ്ഞിപ്പാലം ജം‌ക്‌ഷനിൽ വലിയ കുരുക്കാണ് രൂപപ്പെടുന്നത്. നഗരപാതാ വികസന പദ്ധതിയുടെ ആദ്യഘട്ടത്തിൽ എരഞ്ഞിപ്പാലം – കാരപ്പറമ്പ് റോഡ് വീതി കൂട്ടിയതോടെ ജംക്‌ഷന്റെ പ്രാധാന്യം വർധിച്ചിട്ടുമുണ്ട്. നഗരത്തിനുവേണ്ടി  2015-ൽ നാറ്റ്പാക് സമർപ്പിച്ച കോംപ്രിഹെൻസിവ് മൊബിലിറ്റി പ്ലാനിലും എരഞ്ഞിപ്പാലത്ത് മേൽപാലം വിഭാവനം ചെയ്യുന്നുണ്ട്. 

Post a Comment

0 Comments