കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ സികെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍,കളക്ടര്‍ യു.വി ജോസ്, എം.കെ രാഘവൻ എംപി എന്നിവര്‍
|
കുറ്റ്യാടി, താമരശ്ശേരി, മുക്കം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം, കുടിവെള്ളം, വൈദ്യ സഹായം, മരുന്ന് എന്നിവയെല്ലാം ലഭ്യമാണ്. താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിലെ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നകാര്യത്തില്‍ പരിശോധനയ്ക്കുശേഷം നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും അപകട സാധ്യതയുള്ള മേഖലകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകളില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.
വയനാട് ചുരത്തില്‍ രണ്ടാം വളവിലുള്ള അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. കോഴിക്കോട് കളക്ടറേറ്റില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റേയും എ.കെ ശശീന്ദ്രന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കുറ്റ്യാടിചുരം ഗതാഗത യോഗ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തകര്‍ന്ന കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. വയനാട്, കുറ്റ്യാടി ചുരങ്ങളിലുള്ള അനധികൃത കെട്ടിടങ്ങളെപ്പറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയദുരിതമുണ്ടായ താമരശ്ശേരി താലൂക്കില്‍ മാത്രം ഏകദേശം ആറ് ക്യാമ്പുകളിലായി 179 കുടംബങ്ങളിലെ 646 പേരാണുള്ളത്. 15 വീടുകള്‍ പൂര്‍ണമായും 98 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവമ്പാടിയില്‍ ഒരു വീട് പൂര്‍ണമായും കോടഞ്ചേരി നെല്ലിപ്പൊയിലില്‍ മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
0 Comments