ജില്ലയില്‍ രണ്ടിടങ്ങളില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചുകോഴിക്കോട്: കനത്തമഴയിലും ഉരുള്‍പൊട്ടലിലും കുത്തിയൊലിച്ചെത്തിയ മലവെള്ളത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ടിടങ്ങളില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചു. കൂടരഞ്ഞി ഉറുമി ജലവൈദ്യുത പദ്ധതി, വിലങ്ങാട് ജലവൈദ്യുത പദ്ധതി എന്നിവയാണ് കനാലില്‍ ചെളി അടിഞ്ഞുകൂടിയതിനാലും ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നും ഉല്‍പാദനം നിര്‍ത്തിവച്ചത്.

ഉറുമിയില്‍ കനാലില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ ആഴ്ചകളെടുക്കുമെന്നാണ് സൂചന. അതിനാല്‍ ഒരാഴ്ച കഴിഞ്ഞേ പദ്ധതിയില്‍നിന്ന് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം നടക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഉല്‍പാദനം മുടങ്ങിയതിനാലും ചെളി നീക്കം ചെയ്യലുമായി ലക്ഷങ്ങളുടെ നഷ്ടമാണ് വൈദ്യുത വകുപ്പിന് സംഭവിച്ചത്. 18 വര്‍ഷം മുന്‍പാണ് ഉറുമി പദ്ധതി കമ്മിഷന്‍ ചെയ്തത്. ചൈനയുടെ സഹായത്തോടെ തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകളില്‍ രണ്ട് പദ്ധതികളായാണ് നിര്‍മാണം. ഉറുമി ഒന്നിന് 3.75 മെഗാവാട്ടും രണ്ടിന് 2. 24 മെഗാവാട്ടുമാണ് ഉല്‍പാദനശേഷി.അതേസമയം വിലങ്ങാട് ജലവൈദ്യുത പദ്ധതിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഉല്‍പാദനം നിര്‍ത്തിവച്ചത്. കല്ലും മണ്ണും മരങ്ങളുമുള്‍പ്പെടെയുള്ളവ കനാലിലൂടെ ഫോര്‍ ബേ ടാങ്കിലെത്തിയതോടെയാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നത്. മഴ മാറിയ ശേഷം ഫോര്‍ ബേ ടാങ്കിലെ ചെളിയും മരക്കഷണങ്ങളും നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇനി ഉല്‍പാദനം നടക്കുകയുള്ളൂവെന്ന് പ്രൊജക്ട് എന്‍ജിനീയര്‍ പറഞ്ഞു. 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 2014 സെപ്റ്റംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിലങ്ങാട് മിനി ഹൈഡല്‍ പ്രൊജക്ട് കമ്മിഷന്‍ ചെയ്തത്. മഴക്കാലത്ത് മാത്രം ഉല്‍പാദനം ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. പ്രതിവര്‍ഷം 22.63 മില്യന്‍ യൂനിറ്റ് വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യം.

Post a Comment

0 Comments