ലോക്കോ പൈലറ്റുമാരില്ല; തിങ്കളാഴ്ച 10 തീവണ്ടികള്‍ ഓടില്ല



തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം റെയിൽവേ തീവണ്ടികൾ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ തിങ്കളാഴ്ച ഓടില്ല. യാത്രക്കാർ ഏറെയുള്ള പാസഞ്ചർ തീവണ്ടികളാണ് ഇവയെല്ലാം. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കു പുറമേ ജീവനക്കാരുടെ കുറവും ഇതിനു കാരണമായതായി റെയിൽവേ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്.

മാസങ്ങളായി പാളങ്ങളിലെ അറ്റകുറ്റപ്പണികൾക്കുവേണ്ടി തീവണ്ടികൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത റെയിൽവേ ആദ്യഘട്ടത്തിൽ അംഗീകരിച്ചിരുന്നില്ല. തീവണ്ടി റദ്ദാക്കുന്നതെല്ലാം അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണെന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എന്നാൽ, അറ്റകുറ്റപ്പണി ഇല്ലാത്ത മേഖലകളിലെ തീവണ്ടികളും റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാർ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചത്.



ലോക്കോ പൈലറ്റുമാരുടെ തസ്തികകളിൽ ഏറെക്കാലമായി ഒഴിവുകളുണ്ട്. പ്രളയബാധിതപ്രദേശങ്ങളിൽ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇതോടെ ലോക്കോപൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായി. തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. ഇതിൽ 420 പേർ മാത്രമാണുള്ളത്. പത്തുപേർ സ്വയംവിരമിക്കലിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. അതിരൂക്ഷമായ ആൾക്ഷാമത്തിനിടെ പ്രളയംകാരണം ജീവനക്കാർ അവധിയിൽ പോകുകയും ചെയ്തതോടെ തീവണ്ടികൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.

അതേസമയം ദക്ഷിണ റെയിൽവേയുടെ മറ്റ്‌ ഡിവിഷനുകളിൽനിന്ന്‌ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി 25 ലോക്കോ പൈലറ്റുമാർ കാത്തിരിപ്പുണ്ട്. ഇവർ ജോലിചെയ്യുന്ന ഡിവിഷനുകൾ വിട്ടുവരാൻ അതത് ഡിവിഷൻ നേതൃത്വത്തിന്റെയും ജനറൽ മാനേജരുടെയും അനുമതി വേണം. മറ്റ്‌ ഡിവിഷനുകളിലും ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. അതിനാൽ ഇവരുടെ സ്ഥലംമാറ്റം വൈകുകയാണ്. 4000 ലോക്കോ പൈലറ്റുമാർക്കുവേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമനം നടന്നാൽപോലും ഒരുവർഷം കഴിയാതെ ഇവരെ തീവണ്ടികളിൽ നിയോഗിക്കാൻ കഴിയില്ല. സംസ്ഥാനത്തെ എല്ലാ പാസഞ്ചർ തീവണ്ടികളും തിരക്കുള്ളവയാണ്. അപ്രതീക്ഷിത റദ്ദാക്കൽ യാത്രക്കാരെ വലയ്ക്കുകയാണ്

Post a Comment

0 Comments