കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ മക്കളുപേക്ഷിച്ച നിലയില്‍ 23 മാതാപിതാക്കള്‍കോഴിക്കോട് : കോഴിക്കോട് ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി)യില്‍ മക്കളുപേക്ഷിച്ച നിലയില്‍ 23 മാതാപിതാക്കള്‍ കഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. അസുഖബാധിതരായ ഇവരിലധികം പേരും മാസങ്ങളോളമായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്. മക്കളെന്നെങ്കിലും തിരികെ കൊണ്ടുപോകാന്‍ എത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.

സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവര്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ പറഞ്ഞ് മക്കളെ നിരവധി തവണ ഫോണിലും നേരിട്ടുമായി ബന്ധപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിളികള്‍ക്ക് 'അയാളെ ഇനി തങ്ങള്‍ക്ക് വേണ്ട' എന്നായിരുന്നു മക്കളുടെ മറുപടിയെന്ന് ആശുപത്രിയില്‍ കഴിയുന്ന വടകര സ്വദേശി കുമാരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പുരുഷ വാര്‍ഡില്‍ കഴിയുകയാണ് ഇയാള്‍. പ്രമേഹം മൂര്‍ഛിച്ചപ്പോള്‍ വലത്തേ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്നാണ് കുമാരന്‍ അനാഥനായത്.  പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് മിക്ക വാര്‍ഡുകളിലും. വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ജില്ലാ സബ് ജഡ്ജി വ്യാഴാഴ്ച വൈകിട്ട് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മാതാപിതാക്കളെ ഇനിയും കൊണ്ടുപോകാത്ത മക്കള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നു ലീഗല്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.വിവിധ വാര്‍ഡുകളിലായി കഴിയുന്ന ഇക്കൂട്ടര്‍ക്കിടയില്‍ രണ്ട് സ്ത്രീകളുമുണ്ട്. സമയത്തിനു ഭക്ഷണം ലഭിക്കുമെന്നതാണ് കഴിയുന്നത് ആശുപത്രിയിലാണെങ്കിലും ഇവര്‍ക്കുളള ഏക ആശ്വാസം. അക്കാരണം കൊണ്ടു തന്നെയാണ് ആശുപത്രി വിടേണ്ട സമയം അതിക്രമിച്ചിട്ടും മാതാപിതാക്കളെ തിരികെ കൊണ്ടുപോകാന്‍ മക്കള്‍ വിസമ്മതിക്കുന്നതെന്നാണ് ആശുപത്രി അധികൃതരും അഭിപ്രായപ്പെട്ടത്.

ജനറല്‍ ആശുപത്രിയിലെ സംഭവം ശ്രദ്ധയില്‍ പെടാന്‍ വൈകിയെന്നു ജില്ലാ കളക്ടര്‍ യു.വി ജോസ് പ്രതികരിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും സംഭവിച്ചു പോയതില്‍ ഖേദമുണ്ടെന്നും കളക്ടര്‍ അറിയിച്ചു. പ്രശ്നത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും തുടരാനനുവദിക്കില്ലെന്നും ആശുപത്രിയില്‍ കഴിയുന്നവരുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments