പ്രളയശേഷം മണ്ണ് ചുട്ടുപഴുക്കുന്നു; കാർഷിക സർവകലാശാല പഠനം തുടങ്ങി



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശംവിതച്ച പ്രളയത്തിനുശേഷം മണ്ണ് ചുട്ടുപഴുക്കുന്ന പ്രതിഭാസം വർധിക്കുന്നു. പകൽ വൻതോതിൽ ചൂട്‌ കൂടുന്ന പശ്ചാത്തലത്തിലാണിത്. രാത്രിയിൽ ചൂട് വല്ലാതെ കുറയുന്നുമുണ്ട്. മണ്ണിന്റെ മാറ്റത്തെക്കുറിച്ചറിയാൻ കാർഷിക സർവകലാശാല 10 ജില്ലകളിലെ സാമ്പിൾ ശേഖരിച്ച് പഠനം തുടങ്ങി. ഇതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ. ചൂട് കൂടി മണ്ണിലെ ജലാംശം നഷ്ടപ്പെട്ടതാണ് പലയിടത്തും മണ്ണിരയും സൂക്ഷ്മജീവികളും ചാവുന്നതിന്റെ കാരണമെന്നാണ് ആദ്യ നിഗമനം. ഇക്കാലത്ത് മണ്ണിനും കൃഷിക്കും ജൈവമേഖലയ്ക്കും വേണ്ട കരുതൽ നൽകിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

മണ്ണിലുണ്ടായ മാറ്റവും സസ്യജാലങ്ങൾക്കും കാർഷികവിളകൾക്കും ഉണ്ടായ രോഗവും കുറച്ചുകാലംകൂടി തുടരും. ദീർഘകാല വിളകളിൽ തടതുരപ്പൻ പുഴുവിന്റെ ആക്രമണമാണ് ഒടുവിൽ ശ്രദ്ധയിൽപ്പെട്ടത്. ജാതി, കൊക്കോ, ഗ്രാമ്പൂ എന്നീ വിളകളിലാണ് തടതുരപ്പന്റെ ആക്രമണം കൂടുതൽ. തുടർച്ചയായ മഴയും വെള്ളം കെട്ടിനിന്നതും കുമിൾ രോഗങ്ങൾ കൂടിയതുമാണ് സസ്യജാലങ്ങൾക്കു ഭീഷണിയായത്.



കാർഷികമേഖലയിലെ തിരിച്ചുവരവിന് ഒരുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. തുലാവർഷക്കാലത്ത് മഴ അധികമായാൽ സ്ഥിതി ഗുരുതരമാകും. കൃഷിയിടങ്ങളിലെ ചെളി കിളച്ചിടാൻ കർഷകരോട് നിർദേശിച്ചിട്ടുണ്ട്.

തെങ്ങിന് കൂമ്പുചീയൽ, കമുകിന് മഹാളി, പച്ചക്കറികൾക്ക് ഒച്ചുവർഗത്തിൽപ്പെട്ട കീടങ്ങളുടെ ആക്രമണം, ജാതിക്ക് ഇലപൊഴിച്ചിൽ-ഇലപ്പുള്ളി രോഗം, വാഴയ്ക്ക് മാണം അഴുകൽ, ഏലത്തിന് അഴുകൽരോഗം എന്നിവയാണ് ഉണ്ടാകുന്നത്.

പ്രളയബാധിത പ്രദേശങ്ങളിൽ മൂന്നുമുതൽ ആറുവരെ മാസം കഴിയുമ്പോൾ എലികളുടെ ശല്യം കൂടും. വെള്ളപ്പൊക്കത്തിൽ കുറേയെണ്ണം ചത്തൊടുങ്ങിയെങ്കിലും ഇനിയങ്ങോട്ട് പെരുകുമെന്നാണ് കൃഷിവിദഗ്ധർ പറയുന്നത്. ഇത് കൃഷിനശീകരണത്തിനും എലിപ്പനിക്കും സാധ്യത കൂട്ടും.

ഭൂമിക്കും ജൈവമേഖലയിലും പ്രളയമുണ്ടാക്കിയ മാറ്റത്തെപ്പറ്റി പഠനം നടത്തി മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി പറഞ്ഞു. 100 വിദഗ്ധരാണ് ഇതിൽ പഠനം നടത്തുന്നത്. ഒാരോ മേഖലയും പ്രത്യേകം പഠിക്കാൻ കോർ കമ്മിറ്റിയുണ്ടാകും. ആറു മാസത്തിനുള്ളിൽ പ്രവർത്തനത്തിനുള്ള കർമപദ്ധതി തയ്യാറാക്കും. പഠന റിപ്പോർട്ട് എത്രയും വേഗം സർക്കാരിന് കൈമാറുമെന്ന് ജോഷി പറഞ്ഞു.

"ജില്ലകളിൽ മണ്ണിനുണ്ടായ മാറ്റത്തെപ്പറ്റിയുള്ള പഠനഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാം. ചൂട് കൂടുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നു. എങ്കിലും ഭയക്കേണ്ടതില്ല. പഠനഫലം കിട്ടിയശേഷം എന്തൊക്കെ കരുതലാണ് വേണ്ടതെന്നു ചർച്ചചെയ്യും." -ഡോ. പി. ഇന്ദിരാദേവി,ഡയറക്ടർ, ഗവേഷണവിഭാഗം, കാർഷിക സർവകലാശാല

Post a Comment

0 Comments