മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ ആൻഡ്‌ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഏപ്രിലിൽ



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ ആൻഡ്‌ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാകുന്നു. പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിയിൽനിന്ന് അനുവദിച്ച അത്യാധുനിക സംവിധാനങ്ങളോടെ രൂപകൽപന ചെയ്ത ഏഴുനില മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമാണപ്രവൃത്തികൾ എം.കെ. രാഘവൻ എം.പി യുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച ചേർന്ന അവലോകന യോഗം വിലയിരുത്തി.

മലബാറിലെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടമായ പദ്ധതി ആറ്‌ ജില്ലകളിലെ ജനങ്ങൾക്ക് ചികിത്സാരംഗത്ത് ആശ്രയവും അനുഗ്രഹവുമായി മാറുകയാണ്. കഴിഞ്ഞ യു.പി.എ. ഗവണ്മെന്റിന്റെ കാലത്ത് ഇന്ത്യയിലെ 39 മെഡിക്കൽ കോളേജുകളെ പദ്ധതിയിലേക്ക് പരിഗണിച്ചപ്പോൾ എം.പി യുടെ അഭ്യർഥന പ്രകാരമാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ ഇവയിൽ ഒന്നായി പരിഗണിച്ചത്.



പി.എം.എസ്.എസ്.വൈ. പദ്ധതിയിൽ 150 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിർമാണപ്രവൃത്തികൾ 2019 ഏപ്രിൽ 30-നുള്ളിൽ പൂർത്തീകരിക്കുമെന്ന് പദ്ധതിയുടെ കൺസൾട്ടൻസി, എച്ച്.എൽ.എൽ. പ്രതിനിധി എം.പിക്ക് ഉറപ്പ് നൽകി. എല്ലാമാസവും നിർമാണപ്രവൃത്തികൾ വിലയിരുത്താൻ അവലോകനയോഗം ചേരുമെന്നും എം.കെ. രാഘവൻ എം.പി. അറിയിച്ചു.

യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. സജിത്ത് കുമാർ, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമർ, ഐ.സി.ഡി. സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ, പി.എം.എസ്.എസ്.വൈ. നോഡൽ ഓഫീസർ ഡോ. ദിനേശൻ കെ.എം, റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ദേവരാജൻ, നെഫ്രോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ശ്രീലത എം. തുടങ്ങിയവർ പങ്കെടുത്തു.

19 മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, 120 ഐ.സി.യു. ഉൾപ്പെടെ 430 ബെഡ്, അടിയന്തര അത്യാഹിത വിഭാഗം, വൃക്ക മാറ്റിവയ്ക്കൽ സൗകര്യമുള്ള യൂറോളജി വിഭാഗം, ന്യൂക്ളിയർ മെഡിസിൻ, പ്ലാസ്റ്റിക് സർജറി, കാർഡിയോതെറാസിക് സർജറി തുടങ്ങിയ വിഭാഗങ്ങൾ അടങ്ങിയ ആശുപത്രി സമുച്ചയം പൂർണമായും എയർകണ്ടീഷൻഡ് ആയിരിക്കും. മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ബന്ധിപ്പിച്ച് പുതിയ ബ്ളോക്കിൽ നിന്ന് വരാന്ത നിർമിക്കുന്നതിനാൽ രോഗികൾക്ക് പുറത്തിറങ്ങാതെ മൂന്ന് ആശുപത്രികളിലേക്ക് പ്രവേശിക്കാൻ സൗകര്യമുണ്ടായിരിക്കും. എം.ആർ.ഐ., സി.ടി. സ്കാൻ, ലേസർ ചികിത്സ എന്നിവയും ഇവിടെ സജ്ജീകരിക്കുമെന്ന് നോഡൽ ഓഫീസർ ഡോ.ദിനേശൻ കെ.എം. അറിയിച്ചു.

Post a Comment

0 Comments