അധികൃതരെ വെല്ലുവിളിച്ച് ബാലുശ്ശേരിയില്‍ വ്യാജമദ്യ വില്‍പനക്കാര്‍ സജീവം


കോഴിക്കോട്:പൊലിസിനും എക്‌സൈസിനും വെല്ലുവിളിയുയര്‍ത്തി ബാലുശ്ശേരിയില്‍ വ്യാജമദ്യ വില്‍പനക്കാരും വാറ്റുകാരും സജീവമാകുന്നു. ബുധനാഴ്ച എക്‌സൈസ് സംഘം 60 കുപ്പി വ്യാജ മദ്യം പിടികൂടിയതിനു പിന്നാലെ വ്യാഴാഴ്ച കാക്കൂരില്‍ വാറ്റു ചാരായവും ഇതിനുപയോഗിച്ച വാഷും ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.രണ്ടു ദിവസം മുൻപ് 15 കുപ്പി വിദേശമദ്യവുമായി കൊട്ടാര മുക്കില്‍ കുഴിത്തളത്തില്‍ ഉമേഷിനെ എസ്.ഐ സുമിത്ത് കുമാറും സംഘവും പിടികൂടി. എ.എസ്.ഐ പൃഥ്വീരാജ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അരവിന്ദാക്ഷന്‍, സി.പിഒമാരായ പി.എം ഗംഗേഷ്, അനീഷ്, ബിജു, നിഖില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബാലുശ്ശേരിയില്‍ കൈരളി റോഡ്, ഗസ്റ്റ് ഹൗസ് പരിസരം, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളാണ് മദ്യപ സംഘം കൈയടക്കിയിരുന്നത്. രാത്രി ഒന്‍പത് കഴിഞ്ഞാല്‍ വാഹനങ്ങളില്‍ വിവിധയിടങ്ങളില്‍നിന്നു മദ്യപന്‍മാരെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പിടിയിലാകുന്നത് വില്‍പന സംഘത്തിലെ ചെറിയ കണ്ണികള്‍ മാത്രമാണ്. മൂന്നും നാലും ഇടനിലക്കാരുള്ള സംഘത്തിന്റെ തലപ്പത്തേക്കെത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. രാത്രികാലങ്ങളില്‍ റെയ്ഡ് ശക്തമാക്കിയാല്‍ വില്‍പനയക്ക് തടയിടാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments