സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായ മാതൃക തീർത്ത് ജില്ലയിലെ അഗ്നിരക്ഷാസേന



കോഴിക്കോട്: ദുരന്ത മുഖങ്ങളില്‍ മാത്രമല്ല, ശുചീകരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം ജനങ്ങള്‍ക്കൊപ്പം നിന്ന് സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായ മാതൃക തീര്‍ത്തിരിക്കുകയാണ് ജില്ലയിലെ അഗ്നിരക്ഷാസേന. നഗരത്തിന്റെ ചവറ്റുകുട്ടയും മാലിന്യ വാഹിനിയുമായി മാറിയ കനോലി കനാല്‍ ശുചീകരിക്കുന്നതിന് ഫയര്‍ഫോഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മാതൃകയാണ്.

നിറവ് എന്ന സംഘടനയുമായി ചേര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി ഫയര്‍ഫോഴ്‌സ് കനോലി കനാല്‍ ശുചീകരിരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഞായറാഴ്ചയുള്‍പ്പെടെ ഇവിടെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അഗ്നിരക്ഷാസേന. മീഞ്ചന്ത, വെള്ളിമാടു കുന്ന്, ബീച്ച് എന്നീ ഫയര്‍ സ്റ്റേഷനുകളിലെ ജീവനക്കാരാണ് കനോലി കനാല്‍ ശുചീകരണത്തില്‍ പങ്കാളികളായി പ്രവര്‍ത്തിച്ചുവരുന്നത്. കനാലില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കുപ്പികളും ചളിയുമെല്ലാം നീക്കം ചെയ്യുന്ന പ്രവര്‍ത്തനമാണ് സേന നടത്തിക്കൊണ്ടിരിക്കുന്നത്.

ചളിയും മാലിന്യങ്ങളും നിറഞ്ഞ കനാലില്‍ ഇറങ്ങിയാണ് ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. സേനയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളിലെ ജീവനക്കാരും മാതൃകയാക്കണമെന്ന കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനടക്കമുള്ളവരുടെ വാക്കുകള്‍ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വലിയ അംഗീകാരമാണ്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റർ മുരളീധരന്‍, വെള്ളിമാട് കുന്ന് ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റർ സുനില്‍ കുമാര്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം പാണമ്പ്രയില്‍ ഗ്യാസ് ലീക്ക് മൂലം ഉണ്ടാവാനിടയുണ്ടായിരുന്ന വന്‍ ദുരന്തം ഒഴിവാക്കാനായതും സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്.



120 ഓളം ജീവനക്കാര്‍ പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ അണി നിരന്ന് അക്ഷീണം പ്രയത്‌നിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ടര ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിനായി പമ്പ് ചെയ്ത്. പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ രാപകല്‍ ഭേദമില്ലാതെ പൊതുജനത്തിന് തുണയും ആശ്വാസവുമായി പ്രവര്‍ത്തിച്ച സേന പ്രളയത്തിനു ശേഷവും തങ്ങളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിളിലൂടെ ജില്ലാ ഭരണ കൂടത്തിന്റെയുള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റാന്‍ സേനക്കായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണും ചളിയും മാലിന്യങ്ങളും നിറഞ്ഞു വൃത്തികേടായ 150ഓളം കിണറുകള്‍ വൃത്തിയാക്കിയത് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു. വെള്ളപ്പൊക്ക ശേഷം ചെളി നിറഞ്ഞ് വൃത്തികേടായി മാറിയ ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ സേനയുടെ നേതൃത്വത്തില്‍ ഉപയോഗ യോഗ്യമാക്കി.

കണ്ണാടിക്കല്‍, പാറോപ്പടി അങ്കണവാടികള്‍ വൃത്തിയാക്കിയതും സേനയാണ്. പുഴുക്കള്‍ നിറഞ്ഞ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതമായി മാറിയിരുന്ന പറയഞ്ചേരി ജിയുപി സ്‌കൂളിലെ മരം മുറിച്ചു നീക്കിയതും മുക്കം ഭാഗങ്ങളില്‍ നാശോന്‍മുഖമായ എട്ടോളം വീടുകള്‍ വൃത്തിയാക്കിയതും സേനയുടെ നേതൃത്വത്തിലായിരുന്നു. ജില്ലയില്‍ വെള്ളപ്പൊക്കത്തിനിടെ 432 പേരെ രക്ഷപ്പെടുത്താനും ദുരന്തത്തിന് മുമ്പ തന്നെ 82 പേരെ മാറ്റിപ്പാര്‍പ്പിക്കാനും അഗ്നി രക്ഷാ സേനയ്ക്ക് കഴിഞ്ഞു. നരിക്കുനി, മുക്കം, ചുരം രണ്ടാം വളവ് എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്തങ്ങളും മറ്റും നേരിടാന്‍ എഴുപത്തി മൂന്നര ലക്ഷം രൂപയുടെ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കലക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സേന ഇപ്പോള്‍. ജില്ലയില്‍ മീഞ്ചന്ത, ബീച്ച്, വെള്ളിമാട് കുന്ന്, മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര, നാദാപുരം, പേരാമ്പ്ര എന്നീ ഫയര്‍ സ്‌റ്റേഷനുകളിലായി 341 ജീവനക്കാരാണ് സേനയ്ക്കുള്ളത്. മാവൂര്‍ ,പുതുപ്പാടി, രാമനാട്ടുകര എന്നിവിടങ്ങളില്‍ പുതുതായി സ്‌റ്റേഷന്‍ ആരംഭിക്കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റീജ്യനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ, ജില്ലാ ഫയര്‍ ഓഫിസര്‍ ടി റജീഷ് എന്നിവരാണ് ഇവിടത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Post a Comment

0 Comments