അഗ്നിരക്ഷാസേനയിൽ സ്പെഷൽ കമാൻഡോ ടീം ആരംഭിക്കുന്നു


കോഴിക്കോട്:പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഗ്നിരക്ഷാ സേനയെ ജില്ലാതലത്തിൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അഗ്നിരക്ഷാസേന ‍ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട്, കണ്ണൂർ മേഖലകളിലെ അഗ്നിരക്ഷാ സേനാ ജീവനക്കാർക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അടിയന്തര രക്ഷാപ്രവർത്തനത്തിനു ഏതു സമയത്തും സന്നദ്ധരായ 100 കമാൻഡോകൾ അടങ്ങുന്ന സ്പെഷൽ കമാൻ‍ഡോ ടീം രൂപീകരിക്കും. സേനാംഗങ്ങൾ‍ക്ക്  ജലവുമായി   ബന്ധപ്പെട്ട എല്ലാ രക്ഷാപ്രവർത്തനത്തിലും പരിശീലനം നൽകാൻ പരിശീലന  കേന്ദ്രം സ്ഥാപിക്കും. ഒഡീഷയിലെ ജലരക്ഷാ പരിശീലന കേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും കേന്ദ്രം.

സംസ്ഥാനത്ത് ഓരോ വർഷവും 1600 പേർ മുങ്ങി മരിക്കുന്നതുകൂടി പരിഗണിച്ചാണ് കേന്ദ്രം തുടങ്ങുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിറിയിൽ അംഗമായ ജില്ലാ ഫയർ ഓഫിസറുടെ റാങ്ക് പൊലീസിലെ സർക്കിൾ ഇൻസ്പെക്ടർ റാങ്കിനേക്കാൾ ഉയർന്നതുമാത്രമാണ്. കലക്ടർക്കും   ജില്ലാ പൊലീസ് മേധാവിക്കുമൊപ്പം അഗ്നിരക്ഷാസേനയിലെ ജില്ലാ ഉദ്യോഗസ്ഥഥരുടെ റാങ്കുകൾ പരിഷ്കരിക്കും.



ജില്ലാ തലത്തിൽ സേനയെ ശക്തിപ്പെടുത്തും. സേന ആവശ്യപ്പെട്ട കാര്യങ്ങൾ ഉടൻ നടപ്പിലാക്കാമെന്ന് നിയമസഭാ  സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി ഉറപ്പുനൽകിയതായും എ.ഹേമചന്ദ്രൻ പറഞ്ഞു. അഗ്നിരക്ഷാസേന ടെക്നിക്കൽ ഡയറക്ടർ ആർ.പ്രസാദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ റീജനൽ ഫയർ ഓഫിസർ ജെഎസ്.സുജിത്കുമാർ, കോഴിക്കോട് റീജനൽ ഫയർ ഓഫിസർ അരുൺ അൽഫോൻസ്, ജില്ലാ ഫയർ ഓഫിസർ ടി.രജീഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments