കോഴിക്കോട്: സംസ്ഥാനത്തെ വിഴുങ്ങിയ മഹാ പ്രളയത്തിനു ശേഷം അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷിയാവുകയാണ് നീര്‍ത്തടങ്ങളും പുഴകളും. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പുഴകള്‍ വരള്‍ച്ചാ കാലത്തെന്ന പോലെ വറ്റി വരണ്ടു. മഴ ശമിക്കുമ്പോള്‍ ഭൂഗര്‍ഭ ജലം സജീവമായി ഒഴുകേണ്ട പുഴകളും കൈത്തോടുകളുമാണ് അപകടകരമാം വിധം വറ്റി വരളുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സി.ഡബ്ലു.ആര്‍.ഡി.എം) അടക്കമുള്ളവ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിന്റെ യഥാര്‍ഥ കാരണത്തിലേക്കെത്താന്‍ വിശദമായ പഠനം നടത്തേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.പ്രളയത്തിന് ശേഷം പുഴകളുടെ അടിത്തട്ടിന്റെ മേല്‍പ്പാളി വലിയ തോതിലാണ് ഇല്ലാതായി തീര്‍ന്നത്. ഇതോടെ ഭൂഗര്‍ഭ ജലം കാത്ത് സൂക്ഷിക്കുന്നതിനുള്ള കഴിവ് പുഴകള്‍ക്കില്ലാതായി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ഇരുവഞ്ഞിപ്പുഴ, കോരപ്പുര എന്നിവിടങ്ങളിലെല്ലാം സി.ഡബ്യു.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണ മഴക്കാലത്ത് ചെറിയ തോതില്‍ അടിത്തട്ട് ഒലിച്ച് പോകാറുണ്ടെങ്കിലും പ്രളയ ശേഷം 100 സെന്റിമീറ്ററോളം ആഴത്തില്‍ അടിത്തട്ട് ഒലിച്ചു പോയെന്നാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ ഗൗരവത്തിലുള്ള പഠനത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും സി.ഡബ്ലു.ആര്‍.ഡി.എമ്മും. അടിത്തട്ട് ഒലിച്ച് പോയ പുഴകള്‍ക്കടുത്തുള്ള കിണറുകളിലാണ് വലിയ തോതില്‍ ജലവിതാനം താഴ്ന്നത്. തുലാവര്‍ഷം കനിഞ്ഞാല്‍ ജല നിരപ്പ് വീണ്ടും ഉയരുമെങ്കിലും വരാനിരിക്കുന്ന കടുത്ത വേനലിനെ പുഴകളും നീര്‍ത്തടങ്ങളും അതിജീവിക്കുമോയെന്നത് സംശയമാണ്