പ്രളയം: ലോകബാങ്ക് – എഡിബി വായ്പ സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം



തിരുവനന്തപുരം:പ്രളയദുരിതാശ്വാസത്തിനായി ലോകബാങ്ക് – ഏഷ്യൻ വികസന ബാങ്ക് (എഡിബി) വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം, ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 25,000 കോടിയുടെ നഷ്ടമെന്ന ലോകബാങ്ക് പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ചു. വകുപ്പുകളുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനർനിർമാണത്തിന് 25,050 കോടി രൂപ ആവശ്യമാണെന്നു ലോകബാങ്ക് – ഏഷ്യൻ വികസന ബാങ്ക് (എഡിബി) പ്രാഥമിക റിപ്പോർട്ട് നേരത്ത നൽകിയിരുന്നു.

എത്രയും വേഗം കേരളത്തിനു വായ്പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു. ലോകബാങ്കും എഡിബിയും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള വായ്പ നിശ്ചയിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ചീഫ് സെക്രട്ടറി ടോം ജോസ് റിപ്പോർട്ടിൽ ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്. തകർന്ന വീടുകൾ പുനർനിർമിക്കാൻ മാത്രം 2,534 കോടി വേണം. 10 ജില്ലകളിലായി 22,132 വീടുകൾ പൂർണമായും 1.07 ലക്ഷം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരന്തമേഖലകൾ കണക്കാക്കി നഗരാസൂത്രണം നടത്തണമെന്നും നിർദേശമുണ്ട്.



റോഡുകൾ തകർന്നതുമായി ബന്ധപ്പെട്ട് 8,554 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ, സംസ്ഥാനപാതകൾ പൂർവസ്ഥിതിയിലെത്തിക്കാൻ മാത്രം 7,647 കോടി രൂപ വേണ്ടിവരും. ജീവനോപാധി പുനഃസ്ഥാപിക്കുന്നതിനു മാത്രം 3,801 കോടി രൂപ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക ആഘാതവുമായി ബന്ധപ്പെട്ട നടപടികൾക്ക് 11.3 കോടി രൂപ ആവശ്യമാണ്. ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥരായ 28 പേരാണു കഴിഞ്ഞ 10 മുതൽ പ്രളയബാധിത മേഖലകളിൽ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന.

Post a Comment

0 Comments