കോഴിക്കോട്: വള്‍നറബിള്‍ വിറ്റ്‌നസ് ഡെപോസിഷന്‍ സെന്റര്‍ (വി.ഡബ്ല്യു.ഡി.സി) എന്ന സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ കോടതിയായി കോഴിക്കോട് കോടതി മാറുന്നു. മുഖ്യമന്ത്രി 29നു ഉദ്ഘാടനം ചെയ്യുന്ന പുതിയ കോടതി കെട്ടിടത്തിലാണ് ഈ സൗകര്യമുള്ളത്. സ്ത്രീകളും കുട്ടികളും ഇരകളായുള്ള കേസില്‍ വാദം നടക്കുമ്പോള്‍ ഇരകള്‍ക്കു കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനും കുട്ടികളെയും സത്രീകളെയും വിസ്തരിക്കാനുമുള്ള സൗകര്യമാണിത്.
കോടതിക്കുള്ളില്‍ തന്നെയുള്ള ഒരു സെന്ററാണെങ്കിലും ഇരകള്‍ക്കു സമ്മര്‍ദമില്ലാതെ ഇവിടെ വച്ച് സംസാരിക്കാനാകും. ഇവിടെ കളിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള സംവിധാനമുണ്ടാകും. പ്രതികളെയും ന്യായാധിപന്മാരെയും സാക്ഷികളെയും കാണുമ്പോഴുണ്ടാവുന്ന പ്രയാസം ഒഴിവാക്കി സമ്മര്‍ദവും ഭയവുമില്ലാതെ ഇവര്‍ക്കു കാര്യങ്ങള്‍ പറയാം. ഈ സെന്ററില്‍ സ്ഥാപിച്ച ദൃശ്യ ശ്രാവ്യ സംവിധനങ്ങള്‍ വഴി ഇവരുടെ മൊഴികള്‍ ന്യായാധിപന്മാര്‍ക്കും രേഖപ്പെടുത്താനും കഴിയും. ഒരിക്കല്‍ പോലും പ്രതികളെ നേടിട്ടു കാണേണ്ട അവസ്ഥയുണ്ടാവില്ല. രാജ്യത്തു ഡല്‍ഹിയില്‍ മാത്രമാണ് ഇത്തരത്തിലുള്ള ഒരു സെന്ററുള്ളത്.
പുതിയ കോടതി കെട്ടിടം വരുന്നതോടെ ഇനി പത്തു കോടതികള്‍ ഈ കെട്ടിടത്തിലാവും പ്രവൃത്തിക്കുക. 2010ലാണു കെട്ടിട നിര്‍മാണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ആറു വര്‍ഷത്തോളം കെട്ടിട നിര്‍മാണം നിലച്ചു. തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റി 2016-ല്‍ നിര്‍മാണം ഏറ്റെടുത്തതോടെയാണു കെട്ടിടനിര്‍മാണം വേഗത്തിലായത്.
0 Comments