പാലക്കാട്:കേരളത്തിൽനിന്ന് രാമേശ്വരത്തേക്കൊരു തീവണ്ടി. കേൾക്കാൻ തുടങ്ങിയിട്ട് വർഷൾ രണ്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ വിളിച്ചു ചേർത്ത എം.പി.മാരുടെ യോഗത്തിലും രാമേശ്വരം തീവണ്ടിയെപ്പറ്റി കേട്ടു. 26-ന് കേരളത്തിലെ എം.പിമാരുടെ യോഗത്തിൽ വീണ്ടും കേൾക്കാം. പക്ഷേ, തീവണ്ടികൾ ഓടുമോ, എന്ന് ഓടും എന്ന് ആർക്കും ഒരു നിശ്ചയവുമില്ല. വടക്കൻ കേരളത്തിൽനിന്നുള്ളവർക്ക് പ്രയോജനപ്പെടുംവിധം മംഗളൂരുവിൽനിന്ന് രാമേശ്വരത്തേക്കാണ് ഒരു വണ്ടി. ഇങ്ങനെ ഒരു വണ്ടി ഓടിക്കുമെന്ന് 2015-ൽ പൊള്ളാച്ചിപ്പാത ഗേജ് മാറ്റത്തിനുശേഷം തുറന്നതുമുതൽ കേൾക്കുന്നു. മംഗളൂരൂ-രാമേശ്വരം തീവണ്ടി ഓടിക്കുമെന്ന് എം.ബി. രാജേഷ് എം.പി.ക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പുകൊടുത്തിട്ടും ഒരുവർഷം പിന്നിട്ടു.
ഒരു മാസംമുമ്പ് പുതിയ റെയിൽവേ സമയക്രമം വരുന്നതിന് തൊട്ടുമുമ്പ് പൊള്ളാച്ചിയിൽ ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജരും മംഗളൂരു-രാമേശ്വരം തീവണ്ടി ഓടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, സമയക്രമത്തിൽ തീവണ്ടി ഉൾപ്പെട്ടിട്ടില്ല. ഓടിത്തുടങ്ങിയതുമില്ല. എറണാകുളത്തുനിന്ന് രാമേശ്വരത്തേക്ക് കഴിഞ്ഞ രണ്ട് വർഷവും രണ്ടുതവണയായി പ്രത്യേക തീവണ്ടി ഓടിച്ചിരുന്നു. യാത്രക്കാർ ഏറെയുണ്ടായിരുന്ന തീവണ്ടി സ്ഥിരപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. ഈ വണ്ടി സ്ഥിരമായി ഓടിക്കുന്നതിന് പദ്ധതിയും സമർപ്പിച്ചു.
പാലക്കാട്, മധുര, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളും ദക്ഷിണ റെയിൽവേയും അനുകൂല നിലപാടെടുത്തിട്ടും തീവണ്ടികൾ ഓടിയില്ല. പഴനി, മധുര, രാമേശ്വരം, രാമാഥപുരം, ഏർവാടി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാണ് ഈ വണ്ടികൾ. വേളാങ്കണ്ണി യാത്രക്കാർക്കും പ്രയോജനപ്പെടും. നിലവിൽ കേരളത്തിൽനിന്ന് ഇവിടങ്ങളിലേക്ക് തീവണ്ടികളില്ല.
500 കോടിയോളം ചെലവിട്ട് നവീകരിച്ച പൊള്ളാച്ചിപ്പാതയും കാര്യമായ പ്രയോജനമില്ലാതെ കിടക്കുകയാണ്. മൂന്ന് വണ്ടികൾ മാത്രമാണ് ഇപ്പോൾ ഇതുവഴി ഓടുന്നത്. അതുകൊണ്ടുതന്നെ ഉചിതമായ സമയക്രമം കണ്ടെത്താനും പ്രശ്നമല്ല. ഡീസൽ എൻജിനുകളുടെ ലഭ്യതയോ കോച്ചുകളുടെ ലഭ്യതയോ കാര്യമായ പ്രശ്നമില്ല. എന്നിട്ടും തീവണ്ടിയോടിക്കാൻ ഭരണപരവും രാഷ്ട്രീയപരവുമായ തീരുമാനം മാത്രമാണ് ഇല്ലാത്തത്.
0 Comments