കോരപ്പുഴ പുതിയ പാലം: ഉയരം 4 മീറ്റർ



കോഴിക്കോട്:കോരപ്പുഴ പുതിയ പാലത്തിന് റെയിൽവേ പാലത്തിന്റെ ഉയരമായ 4 മീറ്റർ ഉണ്ടാകുമെന്ന് ദേശീയപാത അധികൃതർ. പുതിയ പാലത്തിന്റെ ചെലവു കണക്കാക്കലിൽ പാലത്തിന് നാലു മീറ്റർ ഉയരവും ഏഴു തൂണുകളും 12 മീറ്റർ വീതിയുമുണ്ടാകും. ഇരുവശത്തുമായി 350 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്. 24.32 കോടിയാണ് നിർമാണ ചെലവ്.

ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറെടുത്തത്. നിലവിലെ പാലം പൊളിച്ച ശേഷമാണ് പുതിയ പാലം നിർമിക്കുക. ഗതാഗതം വെങ്ങളം ബൈപാസ് വഴിയാണ് തിരിച്ചുവിടുക. കൊയിലാണ്ടി- എലത്തൂർ റൂട്ടിലെ ബസ് ഗതാഗതം മാത്രമല്ല കാൽനടയാത്രയും നിലയ്ക്കും. നാട്ടുകാർക്കായി താൽക്കാലിക നടപ്പാലം നിർമിക്കണമെന്നാണ് ദർശന റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.



നിലവിലുള്ള പാലത്തിന് ഉയരം കുറവായതിനാൽ അതിനടിയിലൂടെ ഹൗസ്ബോട്ടുകളടക്കമുളളവക്ക് കടന്നു പോകാൻ കഴിയാറില്ല. അതു കൊണ്ട് പുതിയ പാലത്തിന് 4 മീറ്റർ വേണമെന്ന് മലബാർ ടൂറിസം ബോട്ട് ഓപറേറ്റേഴ്സ് വെൽഫയർ സൊസൈറ്റി ആവശ്യപ്പെട്ടു. മലബാറിലെ കടലിൽ നിന്ന് റെയിൽവേ പാലങ്ങളുടെ തടസ്സമില്ലാത്ത ഏക പ്രവേശന മാർഗമാണിതെന്നാണ് സൊസൈറ്റി സെക്രട്ടറി വി.എം. മോഹനൻ പറയുന്നത്. ഇത് നില നിർത്തിയാൽ ദേശീയ ജലപാതയായി മാറുമ്പോൾ ഇടുങ്ങിയ കനോലി കനാലിലെ അസൗകര്യത്തിന് കോരപ്പുഴ അഴിമുഖം പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Post a Comment

0 Comments