ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടി



കോഴിക്കോട്:ബന്ധുക്കൾ ഉപേക്ഷിച്ച നിലയിലും ആരോരുമില്ലാതെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളിലും ചികിത്സയിലുള്ളവരുടെ വിവരം ശേഖരിക്കാനുള്ള നടപടികളുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡിഎൽഎസ്എ). ഇത്തരത്തിൽ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെക്കുറിച്ചു ഡിഎൽഎസ്എ തയാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ നാളെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ കലക്ടറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നു സെക്രട്ടറി എം.പി. ജയരാജ് പറഞ്ഞു.

കൂടെയാരുമില്ലാത്തവർ ആശുപത്രികളിൽ എത്തുമ്പോൾ തന്നെ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനുള്ള മാർഗനിർദേശങ്ങൾ റിപ്പോർട്ടിലുണ്ടാകും. ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ ബീച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ പുനരധിവാസത്തിനായി അദാലത്ത് നടത്തുന്നതും പരിഗണനയിലാണ്. ഉപേക്ഷിക്കപ്പെട്ട രോഗികളും അവരുടെ ബന്ധുക്കളും തമ്മിലുള്ള ഒത്തുചേരൽ ലക്ഷ്യമിട്ടാണ് അദാലത്ത്. ഇത് ഉൾപ്പെടെയുള്ള പുനരധിവാസ നടപടികളിൽ കലക്ടറുടെ തീരുമാനപ്രകാരമായിരിക്കും അന്തിമനടപടികൾ.



അതിനിടെ, ബീച്ച് ആശുപത്രിയിൽ ആരുമില്ലാതെ ചികിത്സയിലായിരുന്ന 4 പേരെ സന്നദ്ധസംഘടനകൾ ഏറ്റെടുത്തു. കാപ്പാട് സ്നേഹതീരവും മറ്റെ‌ാരു സന്നദ്ധ സംഘടനയുമാണ് ഇവരെ ഏറ്റെടുത്തത്. ശേഷിക്കുന്ന 19 പേരെ ഏറ്റെടുക്കാൻ ഒട്ടേറെപ്പേർ സന്നദ്ധരായിട്ടുണ്ട്. ഇവർക്കായി കെട്ടിടം നിർമിച്ചു നൽകാമെന്നും മാസം തോറും ഇവർക്കു പെൻഷൻ നൽകാമെന്നും വരെ വാഗ്ദാനം അധികൃതർക്കു ലഭിച്ചിട്ടുണ്ട്. ജില്ലാ സാമൂഹിക നീതി വകുപ്പ് അധികൃതരും ആശുപത്രിയിലെത്തി.

"ഏതാനും പേരെ സർക്കാർ വൃദ്ധസദനത്തിലേക്കു മാറ്റുന്നതും പരിഗണനയിലുണ്ട്. നാളത്തെ യോഗത്തിനു ശേഷം തീരുമാനമുണ്ടാകും. ക്വോട്ട് ബോക്സ് ബീച്ച് ആശുപത്രിയിൽ ഒപ്പം ആരുമില്ലാതെ ചികിത്സയിലായിരുന്നവരിൽ അഞ്ചുപേരുടെ നില മെച്ചപ്പെട്ടു. ഇവരെ ഉടൻ ഡിസ്ചാർജ് ചെയ്യാവുന്ന നിലയിലാണ്"-വി. ഉമ്മർ ഫാറൂഖ്, ആശുപത്രി സൂപ്രണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപ്പം ആരുമില്ലാതെ 21 പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചികിത്സയിലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് കെ.ജി. സജീത്ത് കുമാർ പറഞ്ഞു. മെഡിക്കൽ, സർജറി, ഒ‌ാർത്തോ വാർഡുകളിലാണ് ഇവർ ചികിത്സയിലുള്ളത്. അസുഖം ഭേദമായ ശേഷം ഇവരോടു വിവരങ്ങൾ തിരക്കി തുടർനടപടി സ്വീകരിക്കും.

Post a Comment

0 Comments