മൂന്നാംഘട്ടം ഒക്ടോബറിൽ:കനോലി കനാൽ ശുചീകരണത്തിൽ ജനങ്ങളുടെ മത്സരം



കോഴിക്കോട്:പരസ്പരം മൽ‍സരിച്ച് നഗരസഭാംഗങ്ങൾ, കനോലികനാലിൽ ഇന്നലെ നടന്നത് ശുചീകരണ മാമാങ്കം. കോർപറേഷൻ പരിധിയിലെ ആറ് വാർഡുകളിലെ ജനങ്ങളാണ് ഇന്നലെ ശുചീകരണത്തിനിറങ്ങിയത്. കൗൺസിലർമാരും നാട്ടുകാരും ആവേശത്തോടെ കൈകോർത്തു. വിവിധ വാർഡുകളിൽനിന്നായി അറുനൂറോളം പേരാണ് പല ഭാഗങ്ങളിലായി ശുചീകരണത്തിനിറങ്ങിയത്. 30-നകം കനോലി കനാൽ ശുചീകരണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേങ്ങേരി നിറവ് ലക്ഷ്യമിടുന്നത്.

ഇനിയുള്ള ദിവസങ്ങളിൽ കനോലി കനാൽ കടന്നുപോവുന്ന വാർഡുകളിലെ കൗൺസിലർമാർ മൽസരാടിസ്ഥാനത്തിൽ ശുചീകരണം നടത്തണമെന്നാണ് കോർപറേഷൻ മുന്നോട്ടുവച്ച ആശയം. 30നകം ഏത് കൗൺസിലറുടെ വാർഡാണ് ശുചീകരണത്തിൽ മുന്നിട്ടുനിൽക്കുന്നതെന്ന് അറിയാമെന്നു നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു. ഇതിനു മുന്നോടിയായാണ് ഇന്നലെ വിവിധ വാർഡുകളിൽ മെഗാ ക്ലീനിങ് പരിപാടി നടത്തിയത്. കനോലി കനാലിലെ രണ്ടു സെക്ടറുകളിലാണ് ഇന്നലെ ശുചീകരണം നടത്തിയത്.

കെ.സി. ശോഭിത, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ബിജുരാജ് ടി.സി., അനിത രാജൻ, കെ.വി. ലളിതപ്രഭ തുടങ്ങിയ കൗൺസിലർമാരാണ് ഇന്നലെ ശുചീകരണത്തിനു മൽസരിച്ചിറങ്ങിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, ബാബു നിറവ്, പ്രഫ. ടി. ശോഭീന്ദ്രൻ തുടങ്ങിയവർ ശുചീകരണത്തിനു നേതൃത്വം നൽകാൻ വിവിധ വാർഡുകളിലെത്തി. കൗൺസിലർമാരും നാട്ടുകാരും രാവിലെ എട്ടുമണിയോടെ ശുചീകരണത്തിനിറങ്ങിയിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും കൗൺസിലർമാർ ഒരുക്കിയിരുന്നു.



കോർപറേഷന്റെ കണ്ടിൻജന്റ് ജീവനക്കാർ, കെഎസ്ഇബി, അഗ്നിരക്ഷാസേന, മാത്തോട്ടം വനശ്രീ, ജലവിതരണ വകുപ്പ്, സേവാഭാരതി, മിംസ് ആശുപത്രിയുടെയും ബേബി മെമ്മോറിയൽ ആശുപത്രിയുടെയും മെഡിക്കൽ സംഘങ്ങൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ‍, സിൽക്കിയിലെയും കല്യാൺസിൽക്സിലെയും ജീവനക്കാർ, എരഞ്ഞിപ്പാലം പിആർടിസിയിലെ സംഘം, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, ആർ‍ട്ട് ഓഫ് ലിവിങ് ജില്ലാസമിതി അംഗങ്ങൾ‍ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികളും സൗജന്യസേവനത്തിനിറങ്ങി.

മൂന്നാംഘട്ടം ഒക്ടോബറിൽ

ശുചീകരണത്തിന്റെ രണ്ടാംഘട്ടത്തിൽ കനോലികനോലിലെ കുളവാഴ, വശങ്ങളിലെ കാടുകൾ‍ തുടങ്ങിയവ വെട്ടിനീക്കുകയും ഒന്നാംഘട്ടത്തിൽ ശേഖരിച്ച മാലിന്യങ്ങൾ സംസ്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. 30-ന് രണ്ടാംഘട്ടം പൂർത്തിയാക്കും. തുടർന്ന് ഒക്ടോബർ ഒന്നുമുതൽ കനോലികനാൽ ശുചീകരണത്തിന്റെ മൂന്നാംഘട്ടത്തിനു തുടക്കമാവും. കനോലികനാലിലെ വെള്ളം ശുദ്ധീകരിക്കുകയാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സിഡബ്ല്യുആർഡിഎം, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ മേൽനോട്ടത്തിലായിരിക്കും മൂന്നാംഘട്ടം നടപ്പാക്കുക.

ജൈവലായിനി പ്രയോഗിച്ചു

അണുനശീകരണത്തിനായി കനോലികനാലിൽ ജൈവ ലായിനി പ്രയോഗിച്ചു. കാരപ്പറമ്പ് ചെറിയപാലത്തിനു സമീപം കഴിഞ്ഞ ദിവസം കോഴിമാലിന്യം കണ്ടെത്തിയ ഭാഗത്താണ് പ്രധാനമായും കുമിൾനാശിനി തളിച്ചത്. ഇത്തരം മാലിന്യം കണ്ടെത്തിയ മറ്റു സ്ഥലങ്ങളിലും ജൈവ മരുന്നുകളും ജൈവ കുമിൾ നാശിനികളും തളിച്ചിട്ടുണ്ട്. പ്രളയകാലത്ത് നെടുമ്പാശേരി വിമാനത്താവളപരിസരത്ത് ഒഴുകി വന്ന കന്നുകാലികളുടെ ചീഞ്ഞശരീരം നീക്കം ചെയ്തശേഷം ജൈവകുമിൾനാശിനിയും മരുന്നുകളും തളിച്ചിരുന്നു. ഇതേ മരുന്നാണ് കനോലികനാലിലും തളിച്ചതെന്ന് കെ.വി. ബാബുരാജ്, ബാബു നിറവ് എന്നിവർ പറഞ്ഞു.

Post a Comment

0 Comments