വയോധികരെ നടതള്ളിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി


കോഴിക്കോട്: ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലും അല്ലാതെയും ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫിസര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഓരോരുത്തരുടെയും ആരോഗ്യനില അടിസ്ഥാനമാക്കി മാനസികാരോഗ്യ കേന്ദ്രത്തിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയശേഷം ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് കമ്മിഷന്‍ ജൂഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.



കോഴിക്കോട് ആര്‍.ഡി.ഒ വിഷയത്തില്‍ ഇടപെടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ച ശേഷം ആര്‍.ഡി.ഒയും ജില്ലാ സാമൂഹ്യനീതി ഓഫിസറും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ട്. ഇവരെ ബീച്ച് ആശുപത്രിയില്‍ തന്നെ താമസിപ്പിക്കുന്നത് ഇവിടെയെത്തുന്ന നിര്‍ധനരായ മറ്റു രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ചില സര്‍ക്കാരിതര സംഘടനകളും വ്യക്തികളും ഇവരെ സഹായിക്കാനെത്തിയിട്ടുണ്ടെങ്കിലും അതു പര്യാപ്തമല്ല. എന്നാര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. കേസ് ഒക്‌ടോബറില്‍ കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. ആരോരുമില്ലാതെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ 23 വയോധികരെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പലരെയും ചികിത്സയ്ക്കായി ബന്ധുക്കള്‍ തന്നെയാണ് എത്തിച്ചത്. ചിലരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചിലരെ തെരുവില്‍ നിന്നുമൊക്കെയാണ് എത്തിച്ചിട്ടുള്ളത്. പത്തുദിവസം മുതല്‍ ആറുമാസം വരെ ഇവിടെ കഴിയുന്നവരുണ്ടായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിവരം ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് ലീഗല്‍ അതോറിറ്റി സെക്രട്ടറി എം.പി ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Post a Comment

0 Comments