ബീച്ച് നവീകരണം: പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും


കോഴിക്കോട്:ബീച്ച് നവീകരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബിന്റെ കഫിറ്റീരിയക്കടുത്ത് ടൂറിസം വകുപ്പ്  അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കള്‍ച്ചറല്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മ്മാണം നടക്കുക. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഇപ്പോഴുള്ള  മരങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന് കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബ്ലോക്കുകള്‍ തിരിച്ചാണ് കെട്ടിടത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്.   വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാതൃക അനുസരിച്ചാണ് ലയണ്‍സ് ക്ലബ്ബ് കഫറ്റീരിയ നിര്‍മ്മിക്കുക.കടലിന്റെ ദൃശ്യം ലഭ്യമാകുന്ന രീതിയില്‍ പുതിയ ചുറ്റുമതിലും നിര്‍മ്മിക്കും. ഏകീകൃത മാതൃകയിലാണ് പ്രവൃത്തി നടക്കുക. രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് സോണില്‍ കാമ്പുറം ബീച്ചിലാണ് രണ്ടാം ഘട്ട പ്രവൃത്തികള്‍  നടക്കുക. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാകലക്ടര്‍ യുവി ജോസ്, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ടൂറിസം ജോയ്ന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി പി.വിനയന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ഡോ.ആര്‍.എസ് ഗോപകുമാര്‍, എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, ആര്‍കിടെക്റ്റ് അനീറ്റ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments