സീബ്രാ ലൈനിലും രക്ഷയില്ല:ബസ്സപകടം; മൂന്നു പേർക്ക് പരിക്ക്



കോഴിക്കോട്: സീബ്രാലൈനിന് പിറകിൽ നിർത്തിയ ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ബസ്സിടിച്ച് ഓട്ടോ ഡ്രൈവർക്കും ഓട്ടോയിടിച്ച്, റോഡ് മുറിച്ചുകടന്ന രണ്ട് കാൽനടയാത്രികർക്കും പരിക്കേറ്റു. പരിക്കേറ്റ ചേവരമ്പലം സ്വദേശിനി ഹരിത (26), വേങ്ങേരി സ്വദേശി ദേവരാജ് (67), ഓട്ടോഡ്രൈവർ മലപ്പുറം ഈസ്റ്റ് വാളൂർ സ്വദേശി നൗഫൽ (31) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ചൊവ്വാഴ്ച രാവിലെ പത്തരയോടെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിലെ റോഡിലാണ് ‍അപകടമുണ്ടായത്. കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ ഓട്ടോറിക്ഷയും ഒരു സ്വകാര്യബസും സീബ്രാലൈനിന് പിറകിലായി നിർത്തി. വേഗത്തിലെത്തിയ സിറ്റി-പാലാഴി റൂട്ടിലോടുന്ന ബസ് ഓട്ടോയുടെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ സീബ്രാലൈനും കടന്ന് മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ കാൽനടയാത്രികരെ ഇടിച്ചുവീഴ്ത്തി. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും കമ്മിഷണർ ഓഫീസിലുണ്ടായിരുന്ന പോലീസുകാരും ചേർന്നാണ് മാറ്റിയത്.

Post a Comment

0 Comments