ജൈറ്റെക്സ് 2018ൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് സംഘം കേരള സർക്കാർ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായരോടൊപ്പം |
കോഴിക്കോട്∙ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ – ജൈറ്റെക്സ് 2018ൽ കോഴിക്കോട്ടുനിന്നുള്ള 9 കമ്പനികൾ. ലോകത്തെ ഏറ്റവും മികച്ച ഐടി വ്യാപാരമേളകളിലൊന്നായ ജൈറ്റെക്സിൽ ഐടി, ടെലികോം, സോഫ്റ്റ്‌വെയർ രംഗങ്ങളിലെ പുതുമകളാണ് അണിനിരക്കുന്നത്. സിലിക്കൺ വാലിയിൽനിന്നടക്കം സാന്നിധ്യമുണ്ടാകുന്ന പ്രദർശനത്തിൽ 120 രാജ്യങ്ങളെ പ്രതിനിധീകരിച്ചു കമ്പനികളുണ്ട്.
നിർമിത ബുദ്ധി, ബ്ലോക്ചെയിൻ, റോബടിക്സ്, ക്ലൗഡ് എന്നിങ്ങനെ 24 വിഭാഗങ്ങളിലായി 4000 പവിലിയനുകളാണു പ്രദർശനത്തിനുള്ളത്. ഓരോകമ്പനിക്കും ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. കമ്പനികൾക്കു പരസ്പരം ആശയവിനിമയം നടത്താനും ഒരുമിച്ചുള്ള ബിസിനസ് സംരംഭങ്ങൾക്കു തുടക്കമിടാനും സമ്മേളനം വഴിയൊരുക്കും.
ഐപിക്സ് ടെക്നോളജീസ്, മിനിസ്റ്റർ, ഓഫിസ്കിറ്റ്, കോഡിലർ ടെക്നോളജീസ്, ബാസം ഇൻഫോടെക്, സൈബ്രോസിസ് ടെക്നോളജീസ്, സ്വീൻസ് ടെക്നോളജീസ്, കാപിയോ ടെക്നോളജീസ്, ഫ്ള്യൂ അപ് ടെക്നോളജീസ് എന്നിവയാണ് കോഴിക്കോട്ടുനിന്നെത്തിയിരിക്കുന്നത്. കാഫിറ്റ് അംഗങ്ങളാണ് എല്ലാവരും. സൈബർപാർക്ക്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൊത്തം 19 കമ്പനികൾ കേരളത്തിൽനിന്നു പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് കേരള ഐടി പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഐടി സെക്രട്ടറി എം.ശിവശങ്കറും സർക്കാർ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായരും ചേർന്നു പവിലിയൻ ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും കേരളത്തിൽനിന്ന് സ്റ്റാർട്ടപ്പുകളടക്കം ജൈറ്റെക്സിൽ പങ്കെടുക്കാറുണ്ട്. ഗൾഫ് മേഖലയിൽ കേരള ഐടി രംഗത്തെ പരിചയപ്പെടുത്താനും ബിസിനസ് വളർച്ച നേടാനും ഇത് സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പ്രദർശനം 18-നു സമാപിക്കും.
0 Comments