ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെടുത്തി ജലപാത: ടൂറിസം മേഖലയിൽ കുതിപ്പാകും

Beypore Seaport


കോഴിക്കോട്: ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെടുത്തി ദേശീയ ജലപാത ആരംഭിക്കുന്നതോടെ മലബാറിലെ ടൂറിസം മേഖലയ്ക്ക് വൻ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തൽ. ബേപ്പൂർ തുറമുഖത്തേക്ക് ജലപാത ബന്ധിപ്പിക്കുന്നതോടെ ആനുപാതികമായി ഗതാഗതസൗകര്യങ്ങളും വർധിക്കും. വാണിജ്യമേഖലയിലും വൻകുതിപ്പിന് ആക്കംകൂട്ടുന്നതാണ് പദ്ധതി.

ടൂറിസത്തിൽ കേരളത്തിന്റെ കുതിപ്പിന് ഊർജംപകർന്നത് നമ്മുടെ കായലും വഞ്ചി വീടുകളുമൊക്കെയാണ്. മലബാറിലെ ജലപാതകൾ വികസിപ്പിക്കുന്നതിലൂടെ ഇതിനെക്കാൾ വലിയ സാധ്യതയാണ് തുറന്നുകിട്ടുന്നത്. കേരളം മുഴുവൻ ജലയാത്രയിലൂടെ കാണാനുള്ള സാധ്യതയാണ് വിനോദസഞ്ചാരികളെ ജലപാതയിലേക്ക് ആകർഷിപ്പിക്കുന്ന ഘടകം ടൂറിസം രംഗത്തെ മാറ്റം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

കണ്ണൂർ ജില്ലയിലെ അഴീക്കലിൽനിന്ന് തുടങ്ങി ബേപ്പൂർ, പൊന്നാനി, കൊച്ചി, കൊല്ലം, വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളുമായി ജലപാത ബന്ധപ്പെട്ടുകിടക്കുന്നു. തുറമുഖവകുപ്പ് ബേപ്പൂർ കേന്ദ്രമാക്കി ലക്ഷ്യംവെക്കുന്ന ഉല്ലാസക്കപ്പൽ ടൂറിസത്തിന് ജലപാത വരുന്നതോടെ സാധ്യതവർധിക്കുമെന്നുറപ്പാണ്. ജലപാതാ വികസനത്തിന് സർക്കാർ ചെലവഴിക്കുന്ന തുക ഏതാനും വർഷങ്ങൾകൊണ്ടുതന്നെ ടൂറിസം പദ്ധതിയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസിന്റെ നിഗമനം.

ചരക്ക് നീക്കത്തിൽ ഏറ്റവും ലാഭകരം ജലപാതകൾ വഴിയാണ്. ജലപാതകൾ വികസിപ്പിച്ചാൽ റോഡുമാർഗമുള്ള ചരക്കുനീക്കത്തിന്റെ പകുതിയേ വേണ്ടിവരികയുള്ളൂ. ജലപാതയുടെ വികസന പദ്ധതികൾക്കും മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. ഒരു നാലുവരിപ്പാത ഉണ്ടാക്കുന്നതിന്റെ 10 ശതമാനം തുക മാത്രമേ ജലപാത നിർമാണത്തിനുവേണ്ടി വരികയുള്ളൂ. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി സംരക്ഷണവും കാണേണ്ടതുണ്ട്. ഇതിനെല്ലാം പുറമേയാണ് സുരക്ഷിതത്വം.കേരളത്തിൽ റോഡപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ജലപാത വലിയൊരു സാധ്യതയാണെന്ന് മുംബൈ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് മുൻ ചീഫ് കമ്മിഷണർ ഗോവിന്ദൻ പറയുന്നു. പരിസ്ഥിതിക്ക് വലിയ തോതിൽ ആഘാതം സൃഷ്ടിക്കാത്ത ജലപാതകൾ പൂർണമായും കേരളത്തിന് ഉപയോഗിക്കാൻ കഴിഞ്ഞാൽ റോഡുഗതാഗതം നേരിടുന്ന വലിയൊരു പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നതും വസ്തുതയാണ്.

ജലപാത ചരക്കുനീക്കത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്ന് ശതമാനമാണെങ്കിൽ യൂറോപ്പിൽ ഇത് 42 ശതമാനമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയെക്കാൾ പുറകിലുള്ള ബംഗ്ലാദേശിൽ ജലപാതകൾ വഴിയാണ് 32% ചരക്ക് നീക്കവും നടക്കുന്നത്. ബേപ്പൂർ തുറമുഖ വാർഫിലേക്ക് പുറംകടലിൽനിന്ന് വലിയ കപ്പലുകൾക്ക് അടുക്കാൻ സാധ്യമല്ല. കപ്പൽ ചാലുകളിൽ മണ്ണടിഞ്ഞ് കൂടിയതാണ് കാരണം. ഡ്രഡ്ജിങ് യഥാസമയം നടത്തുകയാണെങ്കിൽ വലിയ കപ്പലുകൾക്ക് ബേപ്പൂർ തുറമുഖത്ത് നേരിട്ട് അടുക്കാൻസാധിക്കും.

മലബാറിലെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടുകയെന്ന ഉദ്ദേശംവെച്ചുകൊണ്ടാണ് സഞ്ചാര കപ്പലുകളെ ബേപ്പൂർ വഴി യാത്രചെയ്യുന്നതിന് തുറമുഖവകുപ്പ് നിരന്തരം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ജനുവരിയിൽ ലോക വിനോദസഞ്ചാര കപ്പലായ ‘എം.വി. സിൽവർ ഡിസ്കവറർ’ എന്ന അത്യാധുനിക കപ്പൽ വിദേശ സഞ്ചാരികളുമായി ബേപ്പൂരിൽ എത്തിയത്. മലബാറിലെ ഹജ്ജ് യാത്രികർക്കുകൂടി സൗകര്യപ്രദമാകും വിധം കപ്പൽ സർവീസുകൾ ബേപ്പൂർ തുറമുഖം വഴി ആരംഭിക്കാനുള്ള പരീക്ഷണഘട്ടം എന്നുള്ളനിലയ്ക്കാണ് സഞ്ചാരക്കപ്പലുകൾ തുറമുഖംവഴി കടന്നുപോവാനുള്ള അവസരത്തിന് ശ്രമം നടത്തുന്നതെന്നും പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് അറിയിച്ചു. ജലപാത വികസനം ലക്ഷ്യംവെച്ചുകൊണ്ട് വലിയ കപ്പൽ സർവീസുകൾ ബേപ്പൂർ തുറമുഖം വഴി ആരംഭിക്കുകയാണെങ്കിൽ മലബാറിന്റെ വികസന പ്രക്രിയക്ക് വലിയ മുന്നേറ്റമാകുമെന്നത് തീർച്ചയാണ്.

Post a Comment

0 Comments