കുന്നമംഗലം:മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ വൈദ്യുതി എത്തിയതോടെ കുന്നമംഗലത്ത് വിവിധ സ്ഥലങ്ങളിലുള്ള സർക്കാർ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനു സാധ്യതയേറി. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുന്നമംഗലം റേഞ്ച് എക്സൈസ് ഓഫിസ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ അനുവദിച്ച ഭാഗത്തേക്ക് ഉടൻ മാറ്റും. കഴിഞ്ഞ രണ്ടു പ്രളയകാലത്തും ചെറുപുഴയിൽനിന്നു വെള്ളം കയറി എക്സൈസ് ഓഫിസിൽ നാശമുണ്ടായിരുന്നു.
എംഎൽഎയുടെ ആസ്തി വികസനനിധിയിൽനിന്ന് 7.62 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചത്. 5 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 2 നിലകൾ പൂർത്തിയായി. തറനിരപ്പിൽ സബ് ട്രഷറി, കൃഷിഭവൻ, ബ്ലോക്ക് ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റും ഒന്നാം നിലയിൽ തദ്ദേശഭരണ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ്, തൊഴിലുറപ്പ് പദ്ധതി ഓഫിസ്, എക്സൈസ് ഓഫിസ്, മീറ്റിങ് ഹാൾ എന്നിവയ്ക്കാണ് സൗകര്യമൊരുക്കിയത്.
രണ്ടാംഘട്ട നിർമാണം പൂർത്തിയാകുന്നതോടെ രണ്ടാം നിലയിൽ ഐസിഡിഎസ് ഓഫിസ്, എഇഒ ഓഫിസ്, ഡപ്യൂട്ടി തഹസിൽദാർ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, എൽഎസ്ജിഡി അസി. എൻജിനീയർ ഓഫിസ്, മൂന്നാം നിലയിൽ അഡീഷനൽ താലൂക്ക് സർവേയർ ഓഫിസ്, അഗ്രികൾചർ അസി. ഡയറക്ടർ ഓഫിസ്, കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും.
മിനി സിവിൽ സ്റ്റേഷൻ ട്രാൻസ്ഫോമർ പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ആധ്യക്ഷ്യം വഹിച്ചു. എം.വി. ബൈജു, കുന്നമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജുനൈദ്, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ്, അസി. എൻജിനീയർ അജിത്ത് എന്നിവർ പ്രസംഗിച്ചു.
0 Comments