കോഴിക്കോട്: ജനിതകഘടനാ ഗവേഷണ പഠനരംഗത്ത് സംയുക്ത സഹകരണത്തിന് ഇംഹാൻസും ദേശീയ ശാസ്ത്ര ഗവേഷണ കൗൺസിലായ സി.എസ്.ഐ.ആർ-ഐ.ജി.ഐ.ബിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാറും ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ-ഐ.ജി.ഐ.ബി. ഡയറക്ടർ ഡോ. അനുരാഗ് അഗർവാളുമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.
ജനിതകഘടനാ രംഗത്തും ബയോകെമിക്കൽ രംഗത്തും മോളിക്കുലർ മെഡിസിൻ രംഗത്തും വൈദഗ്ധ്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായുള്ള സഹകരണം ഇംഹാൻസിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുമെന്ന് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ പറഞ്ഞു.
കുട്ടികളുടെ വളർച്ചയെ ബാധിക്കുന്ന ബുദ്ധിമാന്ദ്യം, ഓട്ടിസം, വിവിധ പഠനവൈകല്യങ്ങൾ തുടങ്ങിയവയുടെ ജനിതക കാരണങ്ങൾ കണ്ടെത്തുന്നതിന് സംയുക്തസംരംഭം സഹായകമാകും. പഠനത്തിലുപരി, പഠനത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകൾ പ്രായോഗികതലത്തിൽ കൊണ്ടുവരുക എന്നതിൽ ഊന്നിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും പഠന ഗവേഷണത്തിന് പദ്ധതി ഉപകരിക്കും. ജനിതക പഠനരംഗത്തെ പഠനഗവേഷണങ്ങൾക്കായി ഇംഹാൻസിൽ അഞ്ചുകോടി രൂപ മുതൽമുടക്കിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയിട്ടുള്ള ന്യൂറോ സയൻസ് ലാബ് സജ്ജമാക്കിയിട്ടുണ്ട്. സാംഗർ സ്വീക്വൻസർ, ആർ.ടി.പി.സി.ആർ. തുടങ്ങിയ അത്യാധുനിക ലാബോറട്ടറി ഉപകരണങ്ങളും ബയോ ഇൻഫർമാറ്റിക്‌സ്, ബയോകെമിക്കൽ, ന്യൂറോ ഫിസിയോളജി എന്നീ മേഖലകളിലെ പഠനത്തിനുള്ള വിവിധ ആധുനിക ഉപകരണങ്ങളുമാണ് ലാബിൽ ഒരുക്കിയിരിക്കുന്നത്.
0 Comments