തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ പൊലീസ‌് ജില്ലകളിലും സൈബര്‍ ക്രൈം ഇന്‍വെസ‌്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കുന്നു. ജില്ലകളിലെ സൈബര്‍ പൊലീസ‌് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനുമാണ‌് 19 പൊലീസ‌് ജില്ലകളിലും സൈബര്‍ ഡിവിഷന്‍ രൂപീകരിക്കുന്നത‌്. ഇതിനായി വിശദ റിപ്പോര്‍ട്ട‌് പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ ആഭ്യന്തരവകുപ്പിന‌് സമര്‍പ്പിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം കണ്ടെത്തി തടയാന്‍ വിദഗ‌്ധരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച സൈബര്‍ ഡോം കൊച്ചിയിലും കോഴിക്കോട്ടും തുടങ്ങും. ഇതില്‍ കൊച്ചിയിലെ സൈബര്‍ ഡോം ഉടന്‍ ആരംഭിക്കും. സൈബര്‍ ക്രൈംവിങ് ശക്തിപ്പെടുത്താന്‍ ആഭ്യന്തരവകുപ്പ‌് തിരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തിനു പുറമെ കൊച്ചി, തൃശൂര്‍, കോഴിക്കോട‌് എന്നിവിടങ്ങളില്‍ സൈബര്‍ പൊലീസ‌് സ‌്റ്റേഷനുകള്‍ ആരംഭിച്ച‌് ഉത്തരവിറക്കി. സംസ്ഥാനത്തെ മുഴുവന്‍ സ‌്റ്റേഷനിലും സൈബര്‍ യൂണിറ്റും ആരംഭിച്ചിരുന്നു. പൊലീസുകാര്‍ക്ക‌് പ്രത്യേക പരിശീലനവും നല്‍കി. സ‌്റ്റേഷനുകളില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം പൊലീസുകാരെയും നിയമിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ‌് ജില്ലാ ആസ്ഥാനങ്ങളില്‍ സൈബര്‍ ക്രൈം ഡിവിഷന്‍ ആരംഭിക്കുന്നത‌്. ഒരു ഡിവൈഎസ‌്പിക്കാകും ചുമതല. പ്രത്യേക പരിശീലനം നേടിയ സൈബര്‍ വിദഗ‌്ധരായ പൊലീസുകാരും ഉണ്ടാകും. സൈബര്‍ ഫോറന്‍സിക‌് വിഭാഗത്തിന്റെയടക്കം സേവനം ഇവര്‍ക്ക‌് ലഭ്യമാക്കും.
സൈബര്‍ കുറ്റകൃത്യം നിരീക്ഷിക്കാനും അടിവേര‌് കണ്ടെത്താനുമാണ‌് പുറത്തുനിന്നുള്ള വിദഗ‌്ധരുടെ പങ്കാളിത്തത്തോടെ സൈബര്‍ ഡോം ആംരംഭിച്ചത‌്. തിരുവനന്തപുരം ടെക‌്നോപാര്‍ക്കാണ‌് ആസ്ഥാനം. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ ഇതിനായി സ്ഥലം കണ്ടെത്തി. കോഴിക്കോട്ട‌് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിയും തുടങ്ങി
0 Comments