ബാലസൗഹൃദ ജില്ലയാകാന്‍ കോഴിക്കോട്


കോഴിക്കോട്: അവകാശാധിഷ്ഠിത ബാലസൗഹൃദ ജില്ല എന്ന ലക്ഷ്യം സാധ്യമാക്കാന്‍ തദ്ദേശ സ്ഥാപനതലത്തില്‍ ബാലാവകാശ സംരക്ഷണസമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ ജീവിക്കുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയോടൊപ്പംകൂടി പ്രശ്‌നം പരിഹരിക്കുകയാണു ലക്ഷ്യം.ജില്ല, മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ നടത്തുന്ന പരിപാടികളില്‍ പരിശീലനവും നല്‍കും. രക്ഷകര്‍ത്താക്കളുടെ പെരുമാറ്റ രീതിയില്‍ വലിയ മാറ്റം ഉണ്ടാകണമെന്നും കുട്ടികള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ബാലാവകാശ കമ്മിഷന്‍ മെംബര്‍ അഡ്വ. ശ്രീല മേനോന്‍ പറഞ്ഞു. ജില്ലയിലെ ഹോട്ടലുകളിലെ ബാലവേല സംബന്ധിച്ച് ഒന്‍പതു പരാതികളും മതപഠനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയും കമ്മിഷനു ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഡി.പി.സി ഹാളില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണസമിതികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റെബല്ലോ സംബന്ധിച്ചു. തുടര്‍ന്ന് പാറോപ്പടി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അന്തേവാസികളെ കമ്മിഷന്‍ ചെയര്‍മാന്‍ നേരില്‍ സന്ദര്‍ശിച്ചു.

Post a Comment

0 Comments