കോഴിക്കോട്: കോര്‍പറേഷനില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്‌ഥാപിക്കുന്നതിനുള്ള സ്‌ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനു കോര്‍പറേഷന്‍ കോഴിക്കോട് എന്‍.ഐ.ടിയുടെ സഹായം തേടുന്നു.ഒമ്പതു കമ്പനികളാണ് എല്‍.ഇ.ഡി ലൈറ്റ് സ്‌ഥാപിക്കുന്നതിനുള്ള താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനിയെ തെരഞ്ഞെടുക്കുന്നതിനാണ് എന്‍.ഐ.ടിയുടെ സഹായം തേടുന്നത്. ഈ കമ്പനികളുടെ വിശദാംശം കോര്‍പറേഷന്‍ എന്‍.ഐ.ടിക്കു സമര്‍പ്പിച്ചുകഴിഞ്ഞു.
കോര്‍പറേഷന്‍ പ്രദേശത്ത് എല്‍.ഇ.ഡി ലൈറ്റ് സ്‌ഥാപിക്കാനും അതിന്റെ അറ്റകുറ്റപണി നടത്താനും പത്തു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്കു കരാര്‍ നല്‍കുക. നിലവില്‍ നഗരത്തില്‍ പ്രകാശം പരത്തുന്ന സോഡിയം വേപ്പര്‍ ലാമ്പുകളും സി.എഫ്.എലുകളും എല്ലാം മാറ്റും. വടകര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്ക് വാര്‍ഷിക അറ്റകുറ്റപണിക്കുള്ള കരാര്‍ നല്‍കാനാണ് കോര്‍പറേഷന്‍ ആലേചിച്ചിരുന്നത്. എന്നാല്‍ ആ തീരുമാനം മാറ്റി. കെ.എസ് ഇ.ബിയാണ് നിലവില്‍ കോര്‍പറേഷനിലെ ലൈറ്റുകളുടെ അറ്റകുറ്റപണി നടത്തുന്നത്. ഇതിനു മുന്‍കൂട്ടി ഒരു വര്‍ഷത്തേക്ക് കോര്‍പറേഷന്‍ തുക അടയ്‌ക്കുകയാണ് ചെയ്യുന്നത്. കോര്‍പറേഷനില്‍ നിലവില്‍ 40,500 തെരുവുവിളക്കുകളാണുള്ളത്. ഇതില്‍ 2500 എണ്ണം 250-ന്റെയും 150-ന്റെയും 75-ന്റെയും വാട്‌സുള്ള സോഡിയം വേപ്പര്‍ ലാമ്പുകളാണ്. 120 വാട്‌സിന്റെ എല്‍.ഇ.ഡി ലൈറ്റുകളാക്കിയാണ് ഇതു മാറ്റുക. 8000 സോഡിയം വേപ്പര്‍ ലാമ്പുകളും മാറ്റിസ്‌ഥാപിക്കും. 45 വാട്‌സിന്റെ 10,000 എല്‍.ഇ.ഡി ലൈറ്റുകളും 20 വാട്‌സിന്റെ 11,500 ബള്‍ബുകളും സ്‌ഥാപിക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
0 Comments