ജില്ലയിലെ ഒന്നുൾപ്പെടെ സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം



തിരുവനന്തപുരം: ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനും സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം. ഗുണനിലവാരത്തിലും ശുചിത്വപരിപാലനത്തിലും സൂപ്പര്‍ സ്‌പെഷാലിറ്റി നിലവാരം പുലര്‍ത്തുന്നവയെന്ന കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗീകാരം.



ആശുപത്രികളിലെ സൗകര്യങ്ങളും രോഗികള്‍ക്കൊരുക്കിയ സേവനങ്ങളും വിലയിരുത്തിയതിനു ശേഷമാണ് അംഗീകാരം നല്‍കിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സമിതി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ അന്തിമ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം ആശുപത്രികളെ തേടിയെത്തിയത്.

എന്‍.ക്യു.എ.എസ് അംഗീകാരത്തിന്റെ ഭാഗമായി 1.5460 കോടി രൂപയുടെ ഗ്രാന്റാണ് ഈ ആശുപത്രികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് ഈ ഇനത്തില്‍ 21,80,000 രൂപ അനുവദിച്ചു. കാസര്‍കോട് ജില്ലയിലെ പി.എച്ച്.സി ചിറ്റാരിക്കലിനും പി.എച്ച്.സി നര്‍ക്കലക്കാടിനും രണ്ടു ലക്ഷം രൂപ വീതവും സി.എച്ച്.സി പനത്തടിക്ക് മൂന്നു ലക്ഷം രൂപയും അനുവദിച്ചു. തൃശൂര്‍ ജില്ലയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 20,30,000 രൂപ, എറണാകുളം ജനറല്‍ ആശുപത്രിക്ക് 63,90,000 രൂപ, എറണാകുളം ജില്ലയിലെ പണ്ടപ്പള്ളി സി.എച്ച്.സിക്ക് മൂന്നു ലക്ഷം രൂപ, കോഴിക്കോട് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 20,60,000 രൂപ, പാലക്കാട് ജില്ലയിലെ ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറക്ക് 10 ലക്ഷം രൂപ, ഇടുക്കി ജില്ലയിലെ എഫ്.എച്ച്.സി കാഞ്ചിയാറിന് രണ്ടു ലക്ഷം രൂപ, കോട്ടയം ജില്ലയില്‍ എഫ്.എച്ച്.സി മുത്തോളിക്ക് രണ്ടു ലക്ഷം രൂപ, കണ്ണൂര്‍ ജില്ലയിലെ യു.പി.എച്ച്.സി മൈതാനപ്പള്ളിക്ക് 1,50,000 രൂപ, വയനാട് ജില്ലയിലെ എഫ്.എച്ച്.സി നൂല്‍പ്പുഴയ്ക്ക് രണ്ടു ലക്ഷം രൂപ എന്നിങ്ങനെയും അനുവദിച്ചു. മൂന്നു വര്‍ഷത്തേക്കാണ് ഇപ്പോള്‍ ഈ അംഗീകാരം നല്‍കിയിരിക്കുന്നത്. അതിനു ശേഷം പുനര്‍മൂല്യനിര്‍ണയ നടപടിയുണ്ടാകും. അടുത്ത രണ്ടു വര്‍ഷം ഗ്രാന്റ് ലഭിക്കുമെന്നും ഇതോടെ ഉറപ്പായി. അനുവദിച്ച തുകയുടെ ഉപയോഗം വിലയിരുത്തിയ ശേഷമാകും തുടര്‍ന്നു തുക അനുവദിക്കുന്നത്.

Post a Comment

0 Comments