നന്മണ്ട ആർ.ടി.ഒ ഓഫിസ് ഉദ്ഘാടനം നാളെ


നന്മണ്ട: കോഴിക്കോട്-കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസുകൾ വിഭജിച്ച് നന്മണ്ട ആസ്ഥാനമായി തുടങ്ങിയ ഓഫിസ് ഉദ്ഘാടനം നാളെ. രാവിലെ 11-ന് മന്ത്രി എ.കെ. ശശീന്ദ്ര​ന്റെ അധ്യക്ഷതയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സർക്കാറി​ന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചത്. എന്നാൽ, നിപയും അതിനു ശേഷം പ്രളയക്കെടുതിയും വന്നതോടെ ഉദ്ഘാടനം നീളുകയായിരുന്നു. പുതിയ മൂന്നുനില കെട്ടിടത്തിൽ മുകളിലെ രണ്ടു നിലയിലെ 25 മുറികളാണ് ഓഫിസിനായി സജ്ജീകരിച്ചിട്ടുള്ളത്. ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നതിനായി കെട്ടിടം വാടകക്ക് നൽകിയ കുളപ്പുറത്ത് അഷ്റഫി​െൻറ എഴുകുളം കപ്പള്ളി റോഡിൽ പന്തലം മാക്കൂൽ പറമ്പിലെ 60 സ​െൻറ് സ്ഥലമാണ് വിനിയോഗിക്കുക. പുതിയ ഓഫിസിൽ 10 തസ്തികകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ജോയൻറ് ആർ.ടി.ഒ -ഒന്ന്, എം.വി.ഐ -രണ്ട്, അഡീഷനൽ എം.വി.ഐ -രണ്ട്, ഹെഡ് ക്ലർക്ക് -ഒന്ന്, ക്ലർക്ക് -മൂന്ന്, ടൈപിസ്റ്റ് -ഒന്ന്, അറ്റൻഡർ -ഒന്ന്.



14 വില്ലേജുകളിലെ വാഹന ഉപഭോക്താക്കളുടെ പ്രശ്നം പരിഹരിക്കാൻ നിലവിലെ സ്റ്റാഫ് പാറ്റേൺ അപര്യാപ്തമാണെന്നാണ് വാഹന ഉടമകൾ പറയുന്നത്. കക്കോടി, കാക്കൂർ, നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ, ചേളന്നൂർ, നരിക്കുനി, പനങ്ങാട്, കാന്തലാട്, കിനാലൂർ, ശിവപുരം, ഉണ്ണികുളം, അത്തോളി, ബാലുശ്ശേരി വില്ലേജുകളാണ് ഇതി​െൻറ പരിധിയിൽ വരുന്നത്. നേരേത്ത മടവൂരിനെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും കാരാട്ട് റസാഖ് എം.എൽ.എയുടെ പ്രതിഷേധത്തെ തുടർന്ന് മടവൂരിനെ കൊടുവള്ളിയിൽ തന്നെ നിലനിർത്തുകയായിരുന്നു. വിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ ആർ.ടി.ഒ ഓഫിസാണ് കൊടുവള്ളി. ഇത് വിഭജിച്ച് മലയോര മേഖലയായ തിരുവമ്പാടിയിലോ മുക്കത്തോ സ്ഥാപിക്കണമെന്ന നിർദേശം മന്ത്രിയുടെ പാർട്ടിക്കാർ തന്നെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ജില്ലയിൽ രണ്ടു മന്ത്രിമാരുടെ നിയോജക മണ്ഡലത്തിലുൾപ്പെട്ട നന്മണ്ട, പേരാമ്പ്ര എന്നിവിടങ്ങളിൽ സ്ഥാപിക്കുകയായിരുന്നു.

Post a Comment

0 Comments