മാവൂർ റോഡിൽ നിർമാണം പൂർത്തിയാക്കുന്ന അത്യാധുനിക ലൈബ്രറി |
കോഴിക്കോട‌്:വായനയുടെ പൂക്കാലം തീർക്കാൻ നഗരത്തിൽ രണ്ട‌് ആധുനിക ലൈബ്രറികൾ കൂടി ഒരുങ്ങുന്നു. ജില്ലാ ലൈബ്രറി കൗൺസിലിന‌് കീഴിൽ രണ്ടുകോടി ചെലവിട്ടാണ‌് മാവൂർ റോഡിൽ കെഎസ‌്ആർടിസി ടെർമിനലിന‌് എതിർവശത്തും ക്രിസ‌്ത്യൻകോളേജിന‌് സമീപത്തുമായി ലൈബ്രറി തയ്യാറാവുന്നത‌്. മാവൂർ റോഡിലെ ലൈബ്രറിയുടെ കെട്ടിടോദ‌്ഘാടനം 26ന‌് നടക്കും.
വായന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് ലൈബ്രറി കൗൺസിൽ അത്യാധുനിക ലൈബ്രറി ഒരുക്കുന്നത‌്. കെഎസ‌്ആർടിസി സ‌്റ്റാൻഡിന‌് എതിർവശത്ത‌് ലൈബ്രറി കൗൺസിലിന്റെ തന്നെ സ്ഥലത്ത‌് മൂന്ന‌് നിലയിലാണ‌് കെട്ടിടം ഒരുങ്ങുന്നത‌്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ ഒരു കോടിയിലധികം രൂപ ചെലവിട്ടാണ് നിർമാണം. ഒന്നാംനിലയിൽ എസ‌്എൻപിഎസ‌്എസ‌് ലൈബ്രറി ഒരുക്കും. രണ്ടാം നിലയിൽ ലൈബ്രറി കൗൺസിലിന്റെ ഓഫീസുമുണ്ടാകും. ഊരാളുങ്കൽ ലേബർ സർവീസ‌് കോ– ഒാപ്പറേറ്റീവ‌് സൊസൈറ്റിക്കാണ‌് നിർമാണ ചുമതല. ക്രിസ‌്ത്യൻ കോളേജിന‌് സമീപം പഴയ കിളിയനാട‌് സ‌്കൂൾ വളപ്പിലൊരുങ്ങുന്ന ലൈബ്രറിക്ക‌് എ പ്രദീപ‌് കുമാർ എംഎൽഎയുടെ ആസ‌്തി വികസന ഫണ്ടിൽ നിന്ന‌് സഹായം അനുവദിച്ചിട്ടുണ്ട‌്. 1.65 കോടി രൂപയിൽ അത്യാധുനിക കെട്ടിടം ഒരുക്കുന്നത‌് ഹൗസിങ് ബോർഡാണ‌്.
0 Comments