കനോലി കനാല്‍ മലിനീകരണം: രണ്ട് കമ്പനികൾക്ക് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി



കോഴിക്കോട്: കനോലി കനാലിലേക്കു മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരേ കോര്‍പറേഷന്‍ നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നിര്‍മാണമേഖലയിലെ രണ്ട് കമ്പനികള്‍ക്ക് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. മെട്രൊ കണ്‍സ്ട്രക്ഷന്‍, സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് എന്നീ സ്ഥാനപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കനോലി കനാലിലേക്കു ചെളിവെള്ളം പുറംതള്ളുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.



അരയിടത്തുപാലം- എരഞ്ഞിപ്പാലം ബൈപാസില്‍ രാരിച്ചന്‍ റോഡിന് സമീപം നിര്‍മല്‍ ആര്‍ക്കേഡിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മോട്ടാറും വലിയ പമ്പും സ്ഥാപിച്ച് കനോലി കനാലിലേക്ക് എത്തുന്ന പൊതു ഓടയിലേക്ക് ചെളിവെള്ളം ഒഴുക്കി വിട്ടതിനാണ് മെട്രൊ കണ്‍സ്ട്രക്ഷനെതിരേ നടപടിയെടുത്തത്. യുകെഎസ് റോഡില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സ്ഥലത്തു നിന്നു മാവൂര്‍ റോഡിലെ പൊതു ഓടയിലേക്കെത്തുന്ന ഡ്രയിനേജിലേക്ക് മോട്ടോറും പൈപ്പും ഉപയോഗിച്ച് ചെളിവെള്ളം തുറന്നുവിട്ടതിനാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിനെതിരേ നടപടിയെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബാബു, ജെ എച്ച്‌ഐമാരായ ഷമീര്‍, വിഭിന്‍ എന്നിവരുടെ പരിശോധനയില്‍ നിയമലംഘനം നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

Post a Comment

0 Comments