പയ്യോളി-പേരാമ്പ്ര റോഡ് നവീകരണം: നിര്‍മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു; വ്യാപാരികള്‍ പ്രതിസന്ധിയില്‍



മേപ്പയ്യൂര്‍: പയ്യോളി-പേരാമ്പ്ര റോഡ് വികസനവുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ ടൗണില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയില്‍ നീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനെത്തുന്ന ജനങ്ങളുമാണ് അഴുക്കുചാലുകളുടെയും നടപ്പാതകളുടെയും നിര്‍മാണം മൂലം ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടച്ചിട്ട നിലയിലാണുള്ളത്. നഗരത്തിലെ 90 ശതമാനം കടകളിലും ഇപ്പോള്‍ വ്യാപാരം നിലച്ച അവസ്ഥയാണ്.



അഴുക്കുചാലുകളുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മലിനജലം ശുദ്ധി ചെയ്ത് ഓടയിലേക്ക് ഒഴുക്കാനാകാത്തതിനാല്‍ പത്തിലധികം ഹോട്ടലുകളാണ് ടൗണില്‍ അടച്ചിട്ടിരിക്കുന്നത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പ്രവൃത്തി ആരംഭിച്ചതു മുതല്‍ തന്നെ ഉയര്‍ന്നു വന്നിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന പ്രവൃത്തിയില്‍ അലൈമെന്റില്‍ മാറ്റം വരുത്തിയാണ് പ്രവൃത്തി നടത്തുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞിരുന്നു. തുടര്‍ന്ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും നിരവധി പൊതുയോഗങ്ങളും നടത്തിയിട്ടുണ്ട്. ഇതിന് മറുപടിയുമായി പഞ്ചായത്ത് ഭരണസമിതിയായ എല്‍.ഡി.എഫ് വിശദീകരണം നടത്തിയിരുന്നു.

ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ടൗണിലെ വികസന പ്രവര്‍ത്തനം എത്രയും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് നവീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷംസുദീന്‍ കമ്മന, ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത് എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments