നഗരത്തിൽ വൻ കവർച്ചാസംഘം പിടിയിൽ

പിടികൂടിയ കവർച്ചാസംഘത്തിലെ അമ്പായത്തോട് സ്വദേശി ആഷിക്ക്

കോഴിക്കോട്: നഗരത്തിൽ വ്യാപകമായി കവർച്ചയും മയക്കുമരുന്ന് വ്യാപാരവും നടത്തിവരുന്ന അഞ്ചംഗ സംഘത്തെ ഇന്നലെ കസബ പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. അമ്പായത്തോട് സ്വദേശി ആഷിക്ക്, ചെലവൂർ കോരക്കുന്നുമ്മൽ സനുഷഹൽ, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി പൂതാംകണ്ടി അതുൽ, വെസ്റ്റ് മാങ്കാവ് സ്വദേശി ഷബീർ അലി എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയായ മൂഴിക്കൽ സ്വദേശി അക്ഷയ് സജീവിനെ പിടികൂടാനുണ്ട്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കവർച്ചാ സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. കസബ സി.ഐ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ റസാഖിന്റെ കീഴിലുള്ള സപെഷൽ സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.



കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിയിലായ ആഷിക്കിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കസബ എസ്.ഐ. സിജിത്തും പൊലീസുകരായ സന്ദീപും അനൂജും ചേർന്നാണ് ആഷിക്കിനെ പിടികൂടിയത്. പ്രതികളിൽ നിന്ന് കോഴിക്കോട്, താമരശേരി എന്നിവിടങ്ങളിൽ നിന്ന് കവർച്ച ചെയ്ത ഒമ്പത് ബൈക്കുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, ഒരു ടിവി, രണ്ട് ടാബ്‌ലറ്റ്, എട്ട് ബാറ്ററി, മൂന്ന് മോട്ടോർ, നാല് സ്പോട്ട് ലൈറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു.

ഇനി പിടികൂടാനുള്ള മൂഴിക്കൽ സ്വദേശി അക്ഷയ് സജീവ് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും കവർച്ചക്കാരനുമാണ്. മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചു വിൽക്കുന്നതിൽ വിദഗ്ദ്ധനാണ് ഇയാൾ. പിടിയിലായ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണ്. രാത്രി കാലങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയായിരുന്നു കവർച്ചാസംഘം. പിടിയിലായ ആഷിക്കാണ് കവർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. നഗരത്തിൽ അനാശാസ്യത്തിലേർപ്പെടുന്ന സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയും രാത്രികാലങ്ങളിൽ യാത്രക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർച്ച നടത്തുകയും സംഘം ചെയ്തിരുന്നു. പൊലീസിനെയും കത്തികാണിച്ച് ആഷിക്ക് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. താമരശേരി പൊലീസിൽ നിന്ന് ഇത്തരത്തിൽ ഇയാൾ രക്ഷപ്പെട്ടിട്ടുണ്ട്.

സ്ട്രീറ്റ് ലൈറ്റ്, സി.സി.ടി.വി എന്നിവ ഇല്ലാത്ത സ്ഥലങ്ങളാണ് പ്രതികൾ കവർച്ചയ്ക്കായി തിരഞ്ഞെടുക്കാറ്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായി. ഒ.മോഹൻദാസ്, അബ്ദുൾറഹ്മാൻ, കെ.മനോജ്, ഇ.രൺദീർ, രമേഷ് ബാബു, സുജിത്ത്, സി.കെ.ഷാഫി, എസ്.ഐ. ഇസ്മയിൽ,എ.എസ്.ഐ ദിനേശൻ, ജിനീഷ്, മഹേഷ് ബാബു, ശ്രിജേഷ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments