കോഴിക്കോട്‌ വന്‍ ലഹരി വേട്ട


കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‌പനയ്‌ക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിന്‌ രൂപയുടെ ന്യൂജെന്‍ ലഹരിമരുന്നുകളായ ഹാഷിഷ്‌, എല്‍.എസ്‌.ഡി, എം.ഡി.എം.എ എക്‌സ്റ്റസി പില്‍സ്‌ എന്നിവയുമായി എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ യുവാവിനെ കോഴിക്കോട്‌ ടൗണ്‍ പോലീസും കോഴിക്കോട്‌ ഡിസ്‌ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന്‌ കോഴിക്കോട്‌ സൗത്ത്‌ ബീച്ച്‌ പരിസരത്തുനിന്നും പിടികൂടി.

കോഴിക്കോട്‌ എരഞ്ഞിപ്പാലത്തുള്ള അലയന്‍സ്‌ ഹോംസില്‍ താമസിക്കുന്ന വെള്ളിമാടുകുന്ന്‌ ഖാന്‍സ്‌ ഹൗസില്‍ മുഹമ്മദ്‌ സാക്കിബ്‌ (20) ആണ്‌ പോലീസിന്റെ പിടിയിലായത്‌. നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എം.ഡി.എം.എ എക്‌സ്റ്റസി പില്‍സ്‌ 50 എണ്ണം, സ്‌റ്റാമ്പ്‌ രൂപത്തിലുള്ള എല്‍ എസ്‌ ഡി 25 എണ്ണം ,ഹാഷിഷ്‌ 50 ഗ്രാം എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു.



ഡി.ജെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ ,ബംഗളൂരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ്‌ സാധാരണയായി ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക്‌ എത്തിക്കുന്നത്‌. വീര്യം കൂടിയ ലഹരിമരുന്നുകളായ എല്‍ എസ്‌ ഡി ,എക്‌സ്റ്റസി തുടങ്ങിയ ലഹരികള്‍ സാധാരണയായി നിശാ പാര്‍ട്ടികളിലും മറ്റും ദീര്‍ഘസമയം മതിമറന്ന്‌ നൃത്തം ചെയ്ുയന്നതിനാണ്‌ യുവതീ യുവാക്കള്‍ ഇത്തരം ലഹരികള്‍ ഉപയോഗിച്ച്‌ വരുന്നത്‌. സ്‌ത്രീകളെയും യുവതികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു വേണ്ടി ഉപയോഗിച്ചു വരുന്ന ഒരു ലഹരി മരുന്നാണ്‌ എംഡിഎംഎ അഥവാ എക്‌സ്റ്റസി.

കോഴിക്കോട്‌ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 60 കിലോയോളം കഞ്ചാവ്‌ 500 ഗ്രാം ബ്രൗണ്‍ഷുഗര്‍ അന്‍പതിലധികം എം.ഡി.എം.എ എക്‌സ്റ്റസി ഗുളികകള്‍ ,8000 ലധികം മറ്റ്‌ ലഹരി ഗുളികകള്‍, 50 ഗ്രാം ഹാഷിഷ്‌, 25 എല്‍ എസ്‌ ഡി സ്‌റ്റാമ്പുകള്‍ തുടങ്ങിയവ ഡന്‍സാഫ്‌ മാത്രം പിടിച്ചെടുത്തിട്ടുണ്ട്‌.

ടൗണ്‍ സി.ഐ ശ്രീ.ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ എസ്‌.ഐ ശ്രീ.സുഭാഷ്‌ ചന്ദ്രന്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷനിലെ മുഹമ്മദ്‌ സബീര്‍, രാകേഷ്‌.കെ.എസ്‌, ,റിജേഷ്‌ എസ്‌.ആര്‍, ഡന്‍സാഫ്‌ സ്‌ക്വാഡ്‌ അംഗങ്ങളായ എ.എസ്‌.ഐ അബ്‌ദുള്‍ മുനീര്‍, രാജീവ്‌.കെ, സജി.എം, ജോമോന്‍ കെ.എ, നവീന്‍.എന്‍, രജിത്ത്‌ചന്ദ്രന്‍.കെ, ജിനേഷ്‌.എം, സുമേഷ്‌ എവി, സോജി.പി, രതീഷ്‌.എം.കെ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Post a Comment

0 Comments