പുതിയാപ്പ ഹാർബർ (ഫയൽ ചിത്രം) |
കോഴിക്കോട്:പുതിയാപ്പ മൽസ്യബന്ധന തുറമുഖത്ത് രണ്ടുവാർഫുകളുടെ നിർമാണം ആരംഭിക്കുന്നു. 11ന് വൈകിട്ട് 4നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തറക്കല്ലിടും. 100 മീറ്റർ വീതം നീളമുള്ള രണ്ടു വാർഫുകൾ നിർമിക്കുന്ന പദ്ധതിയുടെ കരാർ കാസർകോട് ആസ്ഥാനമായ കമ്പനിക്കാണു ലഭിച്ചത്. 18 മാസത്തെ കാലാവധിയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു നിബന്ധന. നിലവിൽ പുതിയാപ്പയിൽ മൽസ്യവുമായെത്തുന്ന ട്രോളറുകൾക്ക് അടുക്കാനായി 275 മീറ്റർ നീളമുള്ള ഒരു ഫിഷ് ലാൻഡിങ് ജെട്ടി മാത്രമാണുള്ളത്.
മൽസ്യമിറക്കി കഴിഞ്ഞാലും യാനങ്ങൾ ഇവിടെത്തന്നെ കെട്ടിയിടേണ്ടിവരുന്നത് സ്ഥലപരിമിതിയുള്ള ജെട്ടിയിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൽസ്യമിറക്കിയ യാനങ്ങൾ സൂക്ഷിക്കാൻകൂടിയുള്ള സൗകര്യം കണക്കിലെടുത്ത് രണ്ടു വാർഫുകൾ നിർമിക്കാനുള്ള പദ്ധതി ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയത്. നിലവിലുളള വാർഫിന്റെ നീളവും ഉയരവും വലിയ ബോട്ടുകൾക്ക് ഹാർബറിൽ അടുത്ത് മൽസ്യം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നിലവിലുളളതിനെക്കാൾ ഉയരത്തിലും 100 മീറ്റർ നീളത്തിലുമുളള രണ്ട് വാർഫുകൾ കൂടി പുതിയാപ്പയിൽ നിർമിക്കുമ്പോൾ ഈ പ്രശ്‌നത്തിനും പരിഹാരമാകും. മൊത്തം 500 ട്രോളറുകളാണ് പുതിയാപ്പ കേന്ദ്രീകരിച്ചു മൽസ്യബന്ധനം നടത്തുന്നത്. കേന്ദ്ര പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി (ആർകെവിവൈ) 11.51 കോടി രൂപയാണ് ഹാർബറിനായി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണിക്കും തുക ഉപയോഗിക്കും. ചെലവിന്റെ 50% സംസ്‌ഥാന സർക്കാരും 50 % കേന്ദ്രസർക്കാരും വഹിക്കുമെന്നാണ് ധാരണ.
0 Comments