കോഴിക്കോട്:കോഴിക്കോട് ജില്ലാജയിലിലെ ഫുഡ് ഫോര്‍ ഫ്രീഡം കൗണ്ടറിലെ ഷെയര്‍ മീല്‍ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നു. ഓപ്പറേഷന് സുലൈമാനി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങിയെങ്കിലും ജില്ലാ ജയില്‍ സൂപ്രണ്ട് മുന്‍കൈയെടുത്ത് ആരംഭിച്ച ഷെയര്‍ മീല്‍ പദ്ധതിയിലേക്ക് കൂപ്പണ്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. സന്നദ്ധസംഘടനകളും വ്യക്തികളും ഇവിടെ കൂപ്പണ്‍ വാങ്ങിനല്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി പ്രധാന്യം നല്‍കിയും ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നും പദ്ധതി വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്.
ഹോട്ടലുകളുമായി സഹകരിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷന് സുലൈമാനി നിലച്ച സാഹചര്യത്തില്‍ പലര്‍ക്കും സൗജന്യമായി ഭക്ഷണം ലഭിക്കുന്നതെവിടെയെന്ന് അറിയില്ല. കൂപ്പണ്‍ അന്വേഷിച്ചെത്തുന്നവരും കുറവാണ്. പദ്ധതി കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിനൊപ്പം വിശക്കുന്ന വയറിന് ഇത് ആശ്വാസമാകുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ജയിലിനു മുന്നിലെ ഫുഡ് ഫോര്‍ ഫ്രീഡം കൗണ്ടറില്‍ മിതമായ നിരക്കില്‍ വില്‍ക്കുന്ന ചപ്പാത്തിയും കറികളും വാങ്ങാനെത്തുന്നവര്‍ കൗണ്ടറിനു മുന്നിലെ ബോര്‍ഡില്‍ 25 രൂപയുടെ കൂപ്പണ്‍ പതിച്ചാണ് മടങ്ങാറുള്ളത്. ഈ കൂപ്പണ്‍ എടുത്ത് കൗണ്ടറില്‍ നല്കിയാല് അഞ്ച് ചപ്പാത്തിയും ഒരു കറിയും അടങ്ങുന്ന ഭക്ഷണ പൊതി ലഭിക്കും.
ജയില്‍ ചപ്പാത്തിയും കറികളും വാങ്ങാന്‍ വരുന്ന പലരും ഒന്നും രണ്ടും കൂപ്പണുകള്‍ വാങ്ങി നോട്ടീസ് ബോര്‍ഡില്‍ വയ്ക്കാറുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ജയിലിലെ ചപ്പാത്തി ഉണ്ടാക്കുന്ന വിഭാഗത്തില്‍ 12 പേരാണ് ജോലി ചെയ്യുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് നാല് വരെയാണ് ചപ്പാത്തി ഉണ്ടാക്കുക. ദിവസവും മൂന്നോ നാലോ തവണയായി അത് കൗണ്ടറില്‍ എത്തിക്കും. ദിവസം ഏകദേശം 4000 ചപ്പാത്തി, 100 ചിക്കന്‍കറി, 50 പച്ചക്കറി, 50 മുട്ടക്കറി, 30 ചില്ലിചിക്കന് എന്നിങ്ങനെ വില്പന നടക്കാറുണ്ട്. 10 ചപ്പാത്തിയടങ്ങിയ പായ്ക്കറ്റിനു വില 20 രൂപയാണ്. ചിക്കന്‍ കറിക്ക് 25 രൂപ , ചില്ലി ചിക്കന്‍ 60 രൂപ, പച്ചക്കറിയ്ക്കും മുട്ടക്കറിക്കും 15 രൂപ എന്നിങ്ങനെയാണ് വില. 200-250 ചപ്പാത്തി വരെ കൗണ്ടര്‍ വഴിയും 250 നു മുകളിലാണെങ്കില്‍ ഓഫീസ് വഴി നേരിട്ടുമാണ് വില്‍പ്പന നടത്തുന്നത്.
കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഓര്‍ഡര്‍ പ്രകാരം ജയിലില്‍ നിന്നും ചപ്പാത്തി ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇത് വാങ്ങാന്‍ എത്തുന്നവരിലൂടെയാണ് ഷെയര്‍ മീല്‍ പദ്ധതി വിജയത്തിലെത്തുന്നത്. വില്‍പ്പനയ്ക്കനുസരിച്ച് കൂപ്പണുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
0 Comments