തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച മിന്നല്‍ സമരം പിന്‍വലിച്ചു. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അതേസമയം തീരുമാനം പിന്‍വലിച്ചിട്ടില്ലെന്നും താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ തിരുവനന്തപുരത്ത് ആഹ്ളാദ പ്രകടനം നടത്തി. കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും ഇതിനോടകം ബസുകള്‍ സര്‍വ്വീസ് പുനരാംരഭിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ വൈകി രാവിലെ പുറപ്പടേണ്ട ബസുകള്‍ ഇപ്പോള്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്.
സമരത്തിനിടെ കോട്ടയത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ ജീവനക്കാര്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ കിട്ടാതെ സ്വകാര്യബസുകളേയും ഓട്ടോറിക്ഷകളേയും ആശ്രയിച്ച യാത്രക്കാര്‍ ഇതോടെ നഗരത്തില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.
0 Comments